ചൈന പഴയ ചൈനയല്ല; കൊറോണയില്‍ ആഗോള സമ്പദ് വ്യവസ്ഥ കുലുങ്ങും!

ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശൃംഖലയായ ചൈന അവരുടെ സുപ്രധാന പ്രവിശ്യയായ ഹുബെയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണാവൈറസ് ബാധയെ തടുക്കാനുള്ള ശ്രമത്തിലാണ്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ എല്ലാവിധത്തിലുമുള്ള ഗതാഗത സംവിധാനങ്ങളും നിര്‍ത്തലാക്കി വെച്ചിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഒരു രാഷ്ട്രം ഇത്തരമൊരു അവസ്ഥ നേരിട്ടാല്‍ പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ.

ചൈനയുടെ സാമ്പത്തിക മേഖലയില്‍ ജിഡിപി വ്യത്യാസം സംഭവിച്ചാല്‍ ആഗോള തലത്തില്‍ മാന്ദ്യത്തിന് കാരണമാകും. ജിഡിപി ഇടിയുന്നത് തടഞ്ഞ് കാര്യങ്ങള്‍ ശരിപ്പെടുത്താനുള്ള പോരാട്ടം തന്നെ ലോകത്തിന് നെഞ്ചിടിപ്പാണ് സമ്മാനിക്കുന്നത്. ഇതിനിടെ ആരംഭിച്ച കൊറോണവൈറസ് ബാധ ആഗോള സാമ്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തുകയാണ്.

2002-03 വര്‍ഷത്തില്‍ ചൈനയില്‍ സാര്‍സ് രോഗം പിടിപെട്ടത് ലോക സമ്പദ് വ്യവസ്ഥയെ ഉലച്ചിരുന്നു. സാര്‍സ് പകര്‍ച്ചവ്യാധിയിലെ ഉയര്‍ന്ന മരണസംഖ്യയാണ് ഇതിന് കാരണമായത്. എന്നാല്‍ 2020ല്‍ ചൈന ആഗോള സമ്പദ് വ്യവസ്ഥയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ പ്രത്യാഘാതവും അത്രത്തോളം ആഴത്തിലാകും. ലോകത്തിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഈ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്.

ചൈനയുടെ ഷെന്‍സെന്‍, ഷാന്‍കായി സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ 3.52 ശതമാനവും, 2.75 ശതമാനവും താഴേക്ക് പതിച്ചുകഴിഞ്ഞു. ലൂണാര്‍ ന്യൂഇയര്‍ അവധി നീട്ടി ഈ തകര്‍ച്ചയെ പിടിച്ചുനിര്‍ത്താനാണ് ശ്രമം. ജപ്പാന്‍, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലും പ്രതിഫലനം അലയടിക്കുമ്പോള്‍ ഇന്ത്യയുടെ ബിഎസ്ഇ സെന്‍സെക്‌സ് 1 ശതമാനം ഇടിഞ്ഞു. പുതുവര്‍ഷ അവധിയില്‍ ചൈനക്കാര്‍ സഞ്ചരിക്കാന്‍ ഇറങ്ങുന്ന സമയത്താണ് ഈ വൈറസ് ബാധയെന്നതും പ്രതിസന്ധിയാണ്.

Top