ജലീലിന് മാത്രം മുഖ്യമന്ത്രി എന്തിന് സംരക്ഷണം ഒരുക്കുന്നു; തുറന്നടിച്ച് ഷാഫി പറമ്പില്‍

പാലക്കാട്: മന്ത്രി കെ ടി ജലീല്‍ നടത്തിയ ചട്ടലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണ്. ജലീലിനെതിരെ നടപടി എടുക്കാത്തത് അതുകൊണ്ടാണെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തില്‍ പങ്ക് ഉണ്ടെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ചരിത്രത്തില്‍ ഇല്ലാത്ത അധഃപതനം ആണ് പിണറായി മന്ത്രിസഭയ്ക്ക് സംഭവിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, ഇ പി ജയരാജന്‍ എന്നിവര്‍ക്കില്ലാത്ത എന്ത് പ്രത്യേകത ആണ് ജലീലിനുള്ളത്. ധാര്‍മികതയുടെ വാള്‍ മുഖ്യമന്ത്രി കുഴിച്ചുമൂടി. ഖുര്‍ആന്റെ പേര് പറഞ്ഞ് മന്ത്രി ജലീല്‍ പാഴ്‌സല്‍ കൈപ്പറ്റിയത് എന്തിനാണ്. ജലീലിന് മാത്രം മുഖ്യമന്ത്രി അനര്‍ഹമായ സംരക്ഷണം ഒരുക്കുന്നത് എന്തിനാണ്. വഴിവിട്ട കാര്യങ്ങള്‍ക്ക് മതത്തിന്റെ ആനുകൂല്യം ഉപയോഗിക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി.

കേരളത്തില്‍ ബിജെപിയും സിപിഎമ്മും ചേര്‍ന്നാണ് കള്ളക്കളി നടത്തുന്നത്. അനാവശ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ് മന്ത്രി ജലീലിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് എങ്കില്‍ സിപിഎം പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. തെളിവുകള്‍ ഉണ്ടെങ്കില്‍ എഫ്‌ഐആര്‍ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്. മന്ത്രി പുറത്തുവിട്ട രേഖകള്‍, വിശദീകരണങ്ങള്‍ എന്നിവയെല്ലാം ചട്ടലംഘനത്തിനുള്ള തെളിവുകളാണ് എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Top