പുരാവസ്തു പരിശോധിക്കേണ്ടത് കേന്ദ്ര ഏജൻസികൾ ! എന്തേ ചെയ്തില്ല ?

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍, കേന്ദ്ര സര്‍ക്കാറിനെയും വെട്ടിലാക്കി കേരള സര്‍ക്കാര്‍. മോന്‍സണ്‍ മാവുങ്കല്‍ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ചും ഡിആര്‍ഡി രേഖകളെക്കുറിച്ചും അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും, ഡിആര്‍ഡിയോടും കേരള സര്‍ക്കാറാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും കേന്ദ്ര സര്‍ക്കാരിനു കീഴില്‍ വരുന്ന സംവിധാനമാണ്. മോന്‍സന്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെന്നത് കൂടിയാണ് ഇതുവഴി മുഖ്യമന്ത്രിയും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്രയും വിപുലമായ വ്യാജ പുരാവസ്തു ശേഖരം എറണാകുളത്തെ മോന്‍സന്റെ വസതിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് തൃശൂരിലുള്ള ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം നടത്താതിരുന്നതെന്ന ചോദ്യവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും നിരവധി കഥകള്‍ ഈ പുരാവസ്തു ശേഖരവുമായി ബന്ധപ്പെട്ട് മുന്‍പ് പലവട്ടം മോന്‍സന്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ, കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് ഇക്കാര്യം അറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ഒരിക്കലും കഴിയുകയില്ല. പുരാവസ്തു ശേഖരം ഉള്ള എവിടെയും എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താനും പുരാവസ്തുശേഖരം കണ്ടു കെട്ടാനുമുള്ള അധികാരം ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനുണ്ട്. ഇത്തരമൊരു പരിശോധന മുന്‍പ് നടത്തിയിരുന്നെങ്കില്‍ മോന്‍സന് ഒരിക്കലും തട്ടിപ്പുമായി മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. ഡി.ജി.പി വിളിച്ചുകൊണ്ടു പോയ എ.ഡി.ജി.പിക്ക് തോന്നിയ സംശയമാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോഴെങ്കിലും മോന്‍സന്‍ കുരുങ്ങാന്‍ വഴി ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ഉള്‍പ്പെടെ മോന്‍സന് കിട്ടിയ വി.ഐ.പി പരിഗണനയ്ക്കും മറുപടി പറയേണ്ടത് ഇനി കേന്ദ്ര സര്‍ക്കാറാണ്. ഇക്കാര്യം ഉന്നയിച്ച് ശക്തമായ രാഷ്ട്രീയ കരുനീക്കമാണിപ്പോള്‍ സി.പി.എമ്മും നടത്തിയിരിക്കുന്നത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തിനോട് കെ.സുധാകരന്റെ ചികിത്സ ഓര്‍മ്മിപ്പിക്കാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്. വ്യക്തമായ മുന്നറിയിപ്പ് തന്നെയാണിത്. ഒരു സി.പി.എം നേതാവും പുരാവസ്തു കാണാന്‍ പോയിട്ടില്ല എന്നതാണ് സി.പി.എമ്മിന്റെ ധൈര്യം. ഒപ്പം നിന്ന് ആര്‍ക്കും ആരുടെയും ഫോട്ടോ എടുക്കാമെന്നതിനാല്‍ മോഹന്‍ലാലിന്റെ ഉള്‍പ്പെടെ പുറത്തുവന്ന ഫോട്ടോകളെ വിവാദമാക്കാനും സി.പി.എം തയ്യാറായിട്ടില്ല. എന്നാല്‍ സുധാകരന്‍ ഉള്‍പ്പെടെ പലവട്ടം പോയവര്‍ പരാതിക്കാരാല്‍ ആരോപണ വിധേയരാണ് എന്ന കാര്യം ഓര്‍മ്മിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. തട്ടിപ്പ് കേസിനെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചും അതേവഴി തന്നെ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണിത്.

പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടില്‍ പോയത് സുഖചികിത്സയ്ക്കല്ലെന്നും, മുഖ്യമന്ത്രി നിയമസഭയില്‍ തുറന്നടിക്കുകയുണ്ടായി. ഡിജിപി സന്ദര്‍ശിച്ച ശേഷം മോന്‍സണിനെപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയ കാര്യവും മുഖ്യമന്ത്രി എടുത്തു പറയുകയുണ്ടായി. മോന്‍സണ്‍ മാവുങ്കലിനെ സംബന്ധിച്ച് സര്‍ക്കാരിന് പരാതി ലഭിച്ചത് 06.09.2021നാണ്. 23.09.2021ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തെ കോടതിയില്‍ തന്നെ പ്രതിരോധിക്കുന്നതിന് പൊലീസിന് സാധിച്ച കാര്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്വാഭാവികമായും ആളുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ആരൊക്കെ എന്തിനൊക്കെ പോയി എന്ന കാര്യമൊക്കെ പൊലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി, 05.02.2020നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഈ കത്തില്‍ എന്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയില്ല എന്നതിനും കേന്ദ്ര സര്‍ക്കാറാണ് മറുപടി പറയേണ്ടത്. ഇതു സംബന്ധമായി തിരിച്ച് ഒരു മെയില്‍ പോലും കേരള പൊലീസിന് ലഭിച്ചിട്ടില്ല. ഇതും അസാധാരണമാണ്. കേന്ദ്രത്തിലും മോന്‍സന് പിടിയുണ്ട് എന്ന വാദമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചിട്ടില്ലെങ്കിലും മോണ്‍സണെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് കേരള പൊലീസ് ചെയ്തത്. മുഖ്യമന്ത്രിയും ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. വസ്തുതകളുമായി ബന്ധമില്ലാത്തതാണ് ഇത്തരം കാര്യങ്ങളെല്ലാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ ഇക്കാര്യവും വരുന്നു എന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഏത് ഉന്നതനായാലും അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിനും അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

EXPRESS KERALA VIEW

Top