അംബാനിയുടെ മകളുടെ വിവാഹത്തിന് താരങ്ങള്‍ ഭക്ഷണം വിളമ്പിയതെന്തിന്; കാരണം ഇതാണ്

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തിക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിവാഹം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും അവസാനിച്ചിട്ടില്ല. ആഡംബരത്തിന്റെയും പ്രൗഢിയുടേയും സംഗമവേദിയായ ആ വിവാഹത്തില്‍ ആളുകള്‍ ഏറെ ശ്രദ്ധിച്ച ഒരു കാര്യം ഉണ്ട്, വിവാഹ സല്‍ക്കാരത്തില്‍ ബിഗ് ബി അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയ സംഭവമാണ് അത്.

വിവാഹ സല്‍ക്കാരത്തില്‍ ബിഗ് ബി അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തങ്ങളുടെ പ്രിയ താരങ്ങള്‍ എന്തിനാണ് ഭക്ഷണം വിളമ്പിയതെന്ന സംശയം ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതാ അതിന് മറുപടിയുമായി അഭിഷേക് ബച്ചന്‍ രംഗത്തെത്തിരിക്കുകയാണ്. ഒരു ആചാരത്തിന്റെ ഭാഗമായാണ് തങ്ങള്‍ ഭക്ഷണം വിളമ്പിയതെന്നായിരുന്നു അഭിഷേക് നല്‍കിയ മറുപടി. ‘സാജന്‍ ഗോത്’ എന്നറിയപ്പെടുന്ന ആചാരമാണത്. വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കള്‍ക്ക് ഭക്ഷണം വിളമ്പും, അഭിഷേക് ട്വീറ്റ് ചെയ്തു.

ഇഷ അംബാനിയുടെ വിവാഹത്തിന് ആമിര്‍ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്തുകൊണ്ടാണെന്ന് ട്വിറ്ററിലൂടെ ഒരു ആരാധിക അഭിഷേകിനോട് ചോദിച്ചിരുന്നു. ഇതിനാണ് താരം മറുപടി നല്‍കിയത്. ഡിസംബര്‍ 12 നായിരുന്നു ഇഷയുടെ വിവാഹം നടന്നത്. ചടങ്ങില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങി നിരവധി താര നിരതന്നെ പങ്കെടുത്തിരുന്നു. പലരും കുടുംബ സമേതമാണ് എത്തിയത്.

Top