ജാര്‍ഖണ്ഡില്‍ ബിജെപിയെ തോല്‍പ്പിച്ച് ജനം; കാരണം ആ വോട്ട് മോദിക്കല്ല!

ലോക്‌സഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് തലത്തിലായി ജനങ്ങള്‍ കാണുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന ഘടകമായി മാറുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും, ഇതല്ലാതെ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും ബിജെപിയെ ചിന്തിപ്പിക്കാന്‍ പോന്ന വസ്തുതയാണ്. നരേന്ദ്ര മോദി പ്രധാന ഘടകമാകാത്ത ഇടങ്ങളില്‍ ബിജെപി വെല്ലുവിളി നേരിടുന്നു.

2017ല്‍ പഞ്ചാബിലും, ഹിന്ദി ഹൃദയഭൂമികളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലും, അടുത്തിടെ ഹരിയാനയിലും, മഹാരാഷ്ട്രയിലും ഈ സ്ഥിതി ആവര്‍ത്തിച്ചു. 2017ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത് നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ്. യുപിയിലെ വാരണാസിയാണ് അദ്ദേഹത്തിന്റെ മണ്ഡലം. അവിടെ പുതിയ സര്‍ക്കാരിനായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മോദി മാജിക് ഏശി.

എന്നാല്‍ ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്താനാണ് ശ്രമിച്ചത്. അവിടെ മോദി ഫാക്ടറിനേക്കാള്‍ പ്രാധാന്യം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നേരിട്ടു. ഇപ്പോള്‍ ജാര്‍ഖണ്ഡിലും ബിജെപി അതേ അവസ്ഥ ആവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിലും ബിജെപി വന്നാലും ഗുണം ലഭിക്കുമെന്ന കേന്ദ്ര നിലപാട് ജനങ്ങള്‍ സ്വീകരിക്കുന്നില്ല.

ഇതിന് പുറമെയാണ് രഘുബര്‍ ദാസിനോടുള്ള ജനവികാരം ബിജെപിക്ക് എതിരായി മാറിയത്. ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപ്പാക്കിയതും വിനയായി.

Top