മുസ്ലീങ്ങള്‍ ഉണര്‍ന്നാല്‍ ഭൂരിപക്ഷം താങ്ങില്ല; പ്രസ്താവനയ്ക്കെതിരെ പുരോഗമനവാദികളെത്തിയില്ല

എഐഎംഐഎം നേതാവ് വാറിസ് പത്താന്റെ വിവാദപരാമര്‍ശത്തില്‍ പുരോഗമവാദികള്‍ നിശബ്ദത പുലര്‍ത്തുന്നത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളിലെ ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് ബിജെപി. പൗരത്വ നിയമ ഭേദഗതിക്ക് വിരുദ്ധമായി സംഘടിപ്പിച്ച റാലിയിലാണ് മജ്‌ലിസ് ഇ ഇത്താഹിത് ഉള്‍ മുസ്ലീമിന്‍ നേതാവ് 15 കോടി മുസ്ലീങ്ങള്‍ ഒരുമിച്ചാല്‍ 100 കോടി വരുന്ന ഭൂരിപക്ഷത്തിന് താങ്ങില്ലെന്ന് പ്രസ്താവിച്ചത്.

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടെ പിന്നിലെ ഗൂഢാലോചനയാണ് ഇതുവഴി പുറത്തുവരുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. ‘പുരോഗമനവാദികള്‍ എന്ന് പറയുന്നവര്‍, സിഎഎയെ എതിര്‍ക്കുന്നവര്‍, ഇവര്‍ ഈ പ്രസ്താവനയില്‍ നിശബ്ദത പാലിക്കുന്നത് എന്താണ്’, പത്ര ചോദിച്ചു.

ഷഹീന്‍ ബാഗില്‍ സ്ത്രീകളെ പ്രതിരോധത്തിനായി നിയോഗിച്ചിരിക്കുന്നത് വിദ്വേഷം പ്രചരിപ്പിക്കാനാണെന്നും പത്ര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിദ്വേഷ പ്രസംഗത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് വാറിസ് പത്താന്‍. ‘ബിജെപി നേതാക്കള്‍ എന്തെല്ലാം പ്രസ്താവനകള്‍ നടത്തുന്നു. ഏതെങ്കിലും മതത്തിനും, രാജ്യത്തിനും എതിരെ സംസാരിക്കുന്ന അവസാന വ്യക്തിയാണ് വാറിസ് പത്താന്‍. അതില്‍ എന്താണ് ക്ഷമ പറയാനുള്ളത്?’, പത്താന്‍ ചോദിച്ചു.

ഇന്ത്യയുടെ ജനസംഖ്യ ഇന്ന് 130 കോടി വരും. ബിജെപി ജനങ്ങളെ അകറ്റാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഈ രാജ്യത്ത് വേര്‍പിരിക്കാന്‍ കഴിയാത്ത ഭാഗമാണ്. മോദിക്ക് ഈ രാജ്യത്ത് എത്ര അവകാശമുണ്ടോ അത്രയും വാറിസ് പത്താനുമുണ്ട്, എഐഎംഐഎം നേതാവ് പ്രതികരിച്ചു.

Top