സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് കര്‍സേവകര്‍ക്കുനേരെ വെടിവെക്കാന്‍ ഉത്തരവിട്ടത് എന്തിനാണെന്ന് അമിത് ഷാ

ഫൈസാബാദ്: സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് കര്‍സേവകര്‍ക്കുനേരെ വെടിവെക്കാന്‍ ഉത്തരവിട്ടത് എന്തിനാണെന്നും എന്തുകൊണ്ടാണ് വര്‍ഷങ്ങളോളം ശ്രീരാമന്‍ കുടിലില്‍ കഴിഞ്ഞതെന്നും അഖിലേഷ് യാദവിനോട് ജനങ്ങള്‍ ചോദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫൈസാബാദില്‍ ബിജെപി സംഘടിപ്പിച്ച ജനവിശ്വാസ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തടയാന്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയില്‍ കര്‍സേവകര്‍ക്ക് വെടിയേറ്റുതും ശരീരങ്ങള്‍ സരയൂ നദിയിലേക്ക് എറിഞ്ഞതും നിങ്ങള്‍ക്ക് ഓര്‍മയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സമജ് വാദി പാര്‍ട്ടിയുടെ ഭരണകാലമായ 1990ലെ സംഭവം പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. എസ്പിയും ബിഎസ്പിയും വിശ്വാസത്തെ ബഹുമാനിച്ചില്ലെന്നും അമിത് ഷാ ആരോപിച്ചു.

വോട്ട് ചോദിച്ച് അഖിലേഷ് യാദവ് അയോധ്യയില്‍ വരുമ്പോള്‍ എന്തായിരുന്നു കര്‍സേവകര്‍ ചെയ്ത തെറ്റെന്ന് അദ്ദേഹത്തോട് ചോദിക്കുക. കര്‍സേവകര്‍ക്കുനേരെ എന്തിനാണ് നിങ്ങളുടെ സര്‍ക്കാര്‍ വെടിവെച്ചതെന്ന് ചോദിക്കുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ എന്തിനായിരുന്നു എതിര്‍ത്തത് എന്ന് ചോദിക്കുക അമിത് ഷാ പറഞ്ഞു. അഖിലേഷ് യാദവിന്റെ രണ്ടാം തലമുറ വരുകയാണെങ്കില്‍ പോലും ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് എന്നിവ തിരിച്ചുവരാന്‍ പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മോദിയുടെ നേട്ടമാണെന്നും അമിത് ഷാ വ്യക്തമാക്കി. എസ്പി, ബിഎസ്പി പിന്തുണയോടെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ ജവാന്മാരുടെ തലയറുക്കുന്നത് പതിവായിരുന്നെന്നും മോദി അധികാരത്തിലെത്തിയപ്പോള്‍ സര്‍ജിക്കല്‍, വ്യോമ ആക്രമണത്തിലൂടെ തീവ്രവാദികളെ ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു.

Top