ബിജെപി ‘റുട്ട്’ പിടിച്ച് കേജ്‌രിവാള്‍; അയോധ്യ മാതൃകയില്‍ ഡല്‍ഹിയില്‍ രാമ ക്ഷേത്രം ഒരുക്കുന്നു

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കുന്ന ‘ദില്ലി കി ദീപാവലി’ മേളയില്‍ അയോധ്യ മോഡല്‍ ക്ഷേത്രം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഐഎന്‍എ മാര്‍ക്കറ്റിന് അടുത്തുള്ള ത്യാഗരാജ സ്റ്റേഡിയം സമുച്ചയത്തില്‍ അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയാണ് എഎപി സര്‍ക്കാര്‍ ഒരുക്കുന്നത്.

ബിജെപിയുടെ എക്കാലത്തെയും രാഷ്ട്രീയ വിഷയമായ അയോധ്യ ക്ഷേത്രം ഡല്‍ഹിയില്‍ അല്ലെങ്കിലും എഎപി ഏറ്റെടുത്തിരിക്കുകയാണ്. ത്യാഗരാജ് സ്റ്റേഡിയത്തിലെ ‘അയോധ്യ ക്ഷേത്രത്തില്‍’ നവംബര്‍ നാലിന് കേജ്‌രിവാള്‍ പൂജ നടത്തും.

30 അടി ഉയരവും 80 അടി വീതിയുമാണ് ഡല്‍ഹിയിലെ ക്ഷേത്ര മാതൃകയുടെ വിസ്തൃതി. ലൈറ്റുകള്‍ ഉള്‍പ്പെടെ സ്റ്റേജിന്റെ ആകെ ഉയരം 60 അടിയോളം വരും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് നിര്‍മാണം.

കഴിഞ്ഞ ചൊവാഴ്ചയാണ് നിര്‍മാണം തുടങ്ങിയത്. കേജ്രിവാള്‍ അയോധ്യ സന്ദര്‍ശിച്ച അതേദിനം. മെറ്റല്‍ പൈപ്പുകള്‍കൊണ്ട് നിര്‍മിക്കുന്ന ഫ്രെയിമിലാണ് ക്ഷേത്രം ഉയരുന്നത്. ക്ഷേത്രത്തിന്റെ പുറംഭാഗം തെര്‍മോകോള്‍ കൊണ്ട് നിര്‍മിക്കും. ക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായി ത്യാഗരാജ സ്റ്റേഡിയം സമുച്ചയത്തിലെ ഫുട്ബോള്‍ ഗോള്‍പോസ്റ്റുകളിലൊന്ന് നീക്കം ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ദില്ലി കി ദീപാവലി മേള 2019ലാണ് തുടങ്ങിയത്. 2019ല്‍ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ലേസര്‍ ഷോ ഉള്‍പ്പടെ നാല് ദിവസത്തെ സാംസ്‌കാരിക പരിപാടി ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ചു. പടക്കം പൊട്ടിക്കാതിരിക്കാനും വൈകുന്നേരങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.

2020ല്‍, ദീപാവലി ദിനമായ നവംബര്‍ 14ന് അക്ഷര്‍ധാം ക്ഷേത്രത്തില്‍ കേജ്രിവാളും ഉപമുഖ്യമന്ത്രിയും മറ്റ് എഎപി നേതാക്കളും ചേര്‍ന്ന് ഒരു ‘മഹാപൂജ’ നടത്തി, അത് ടിവി ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.

ഈ വര്‍ഷം ത്യാഗരാജ് സ്റ്റേഡിയത്തില്‍ ദീപാവലി ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഭവനങ്ങളിലിരുന്ന് ദീപാവലി ആഘോഷത്തില്‍ പങ്കുചേരാന്‍ ഡല്‍ഹിക്കാരെ ക്ഷണിക്കുന്ന പരസ്യവും വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

Top