ക്ഷയരോഗം ആളെക്കൊല്ലി; നിര്‍മ്മാര്‍ജ്ജന പദ്ധതികളുമായി ലോകാരോഗ്യ സംഘടന

ജനീവ: ക്ഷയരോഗം ഇന്നും ലോകത്തിലെ ഏറ്റവും മാരകമായ രോഗമായി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 2000 മുതല്‍ 54 മില്യണ്‍ ആളുകളാണ് ക്ഷയരോഗബാധിതരായി മരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ക്ഷയരോഗം നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങള്‍ക്ക് കഴിയുന്നില്ലെന്നും വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ ഇതില്‍ വലിയ ഘടകമാണെന്നും ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ 50 രാഷ്ട്രത്തലവന്മാരുടെ യോഗം അടുത്തയാഴ്ച ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

2017 വരെയുള്ള കണക്കുപ്രകാരം ക്ഷയരോഗികളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 10 മില്യണ്‍ ആളുകളിലാണ് കഴിഞ്ഞ വര്‍ഷം ക്ഷയരോഗം സ്ഥിരീകരിച്ചത്‌. അതില്‍ തന്നെ 6.4 മില്യണ്‍ ആളുകളാണ് രോഗം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യാത്ത ആളുകളില്‍ 80 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ചികിത്സ തേടുന്ന ആളുകളുടെ എണ്ണം ആകെ രോഗികളുടെ 64 ശതമാനം മാത്രമാണ്‌. 2025 ആകുമ്പോഴേയ്ക്കും ഇത് 90 ശതമാനമാക്കിയാല്‍ മത്രമേ 2030ലെ സമ്പൂര്‍ണ്ണ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

എയ്ഡ്‌സ് രോഗബാധിതര്‍ക്ക് എത്രയും വേഗം ക്ഷയരോഗ ചികിത്സ ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2018-2022 കാലഘട്ടത്തില്‍ 40 മില്യണ്‍ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കാനും ഡബ്ല്യു.എച്ച്ഒ. ആലോചിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ച് രാജ്യാന്തര തലത്തില്‍ വലിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് സംഘടനയുടെ തീരുമാനം.

വായുവിലൂടെ പകരുന്ന രോഗമാണ് ക്ഷയം അഥവാ ടൂബര്‍കുലോസിസ്. രോഗം ഉള്ള ഒരാള്‍ ചുമയ്ക്കുകയോ, തുമ്മുകയോ, സംസാരിക്കുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ വായുവില്‍ പടരുന്നു, ഈ രോഗാണുക്കള്‍ മറ്റൊരാളുടെ ശ്വാസകോശത്തില്‍ എത്തപ്പെടുന്നതിലൂടെ രോഗം പടരുന്നു. ചികിത്സ എടുക്കാത്ത ഒരു രോഗിയില്‍ നിന്ന് പ്രതിവര്‍ഷം പത്തു പേരിലേക്ക് രോഗം പകരാം എന്നാണ് കണക്ക്. മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

Top