ധനകാര്യ വകുപ്പ് സംരക്ഷിക്കുന്നത് ആരുടെ താൽപ്പര്യം ? അത് നടപ്പാക്കരുത്

സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന്റെ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു നൽകാനുള്ള ധനവകുപ്പിന്റെ അനുമതി. ഒരിക്കലും ശരിയായ നടപടിയല്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ തന്നെ ഇത്തരമൊരു തീരുമാനമെടുത്തത് അനുചിതം തന്നെയാണ്. ശമ്പളം ഇരട്ടിയാക്കുക മാത്രമല്ല അതിന് മുൻകാല പ്രാബല്യം കൂടി നൽകി എന്നത് പൊതു സമൂഹത്തിൽ സർക്കാറിനെതിരെ അവമതിപ്പ് ഉണ്ടാക്കാൻ മാത്രമേ വഴി ഒരുക്കുകയൊള്ളൂ. അക്കാര്യം തിരിച്ചറിഞ്ഞ് തിരുത്തൽ നടപടി സ്വീകരിക്കാൻ സി.പി.എം നേതൃത്വം തന്നെ നിർദ്ദേശം നൽകേണ്ടതുണ്ട്.

സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ് ചിന്ത ജെറോം എന്നതിനാൽ ഗൗരവമായി തന്നെ സി.പി.എം ഈ ശമ്പള വിവാദത്തെ കാണേണ്ടതുണ്ട്. ധനവകുപ്പിന്റെ അനുമതി ഉത്തരവായി പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഇടപെടൽ അനിവാര്യമാണ്. ധനവകുപ്പിന്റെ അനുമതി പ്രകാരം ആറു ലക്ഷത്തോളം രൂപയാണ് മുൻകാല ശമ്പളമായി ചിന്തയ്ക്കു ലഭിക്കുക. യുവജനകമ്മിഷൻ ചെയർപഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂൺ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയിരിക്കുന്നത്. അതിനു മുൻപ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതായാണ് പുറത്തു വരുന്ന വാർത്തകൾ. ആ വകുപ്പാണ് ഫയൽ ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നത്.

ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തതോടെയാണ് 2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നൽകാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകളുടെ ആവശ്യത്തിൻമേൽ മുഖം തിരിക്കുന്ന ധനകാര്യ വകുപ്പാണ് യുവജന കമ്മിഷൻ ചെയർപഴ്സണോട് പ്രസാദിച്ചിരിക്കുന്നത് എന്നത് ഇപ്പോൾ തന്നെ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ധനകാര്യ വകുപ്പിന് മാത്രമാണ്.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ എതിരാളികൾക്ക് ഒന്നാംന്തരം ഒരായുധമാണ് നൽകിയിരിക്കുന്നത്. ഇതോടെ മുൻ യുവജന കമ്മീഷൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് ആർ.വി. രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ശമ്പളഘടനയുണ്ടാക്കിയപ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്ന വിധത്തിലാണ് തീരുമാനമുണ്ടായത് എന്നാണ് രാജേഷിന്റെ വാദം. ഇത് കോടതി അംഗീകരിച്ചാൽ ആ വകയിലും നല്ലൊരു തുക സർക്കാർ ഖജനാവിൽ നിന്നു നഷ്ടമാകും. വല്ലാത്ത ഒരു ഗതികേടു തന്നെയാണിത്.

മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യം തുറന്നു പറഞ്ഞത് മാറ്റാരുമല്ല ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ തന്നെയാണ്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കിയിട്ടുമുണ്ട്. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9000 കോടിയുടെ നഷ്ടം ഉണ്ടാകാമെന്നാണ് ബാലഗോപാൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2022 ജൂൺ വരെ നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിൽ വരുമെന്നും മന്ത്രി നിയമസഭയിൽ പറയുകയുണ്ടായി.

നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തിയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും ചെലവുകളില്‍ മിതത്വം പാലിച്ചും സാമ്പത്തിക അച്ചടക്കത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയുളള നടപടികളിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ധനമന്ത്രി അവകാശപ്പെട്ടിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ യുവജന കമ്മീഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന്റെ ശബളം മുൻകാല പ്രാബല്യത്തോടെ ഇരട്ടിപ്പിക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്നത് നാടിന് അറിയേണ്ടതുണ്ട്. അതിന് തൃപ്തികരമായ ഒരു മറുപടിയാണ് ധനകാര്യ മന്ത്രിയിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

EXPRESS KERALA VIEW

Top