ന്യൂഡല്‍ഹി: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറില്‍ 2.60 ശതമാനമായി താഴ്ന്നു.
ഓഗസ്റ്റില്‍ ഇത് നാലുമാസത്തെ ഉയരത്തില്‍ (3.24 ശതമാനം) എത്തിയിരുന്നു.
ഭക്ഷ്യവസ്തുക്കളില്‍ പച്ചക്കറി വില താഴ്ന്നത് പണപ്പെരുപ്പം കുറയാന്‍ കാരണമായി.
ഭക്ഷ്യോത്പന്ന വില സെപ്റ്റംബറില്‍ 2.04 ശതമാനത്തിലേക്ക് താഴ്ന്നതായും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.
പച്ചക്കറികളുടെ വിലക്കയറ്റത്തിന്റെ തോത് ഓഗസ്റ്റില്‍ 44.91 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 15.48 ശതമാനമായും താഴ്ന്നു.
എന്നാല്‍, ഉള്ളി വില 79.78 ശതമാനം ഉയര്‍ന്നു. മാംസം, മീന്‍ എന്നിവയുടെ വിലയിലും 5.47 ശതമാനം വര്‍ധനവുണ്ടായി.
ഇന്ധന വിലക്കയറ്റം ഓഗസ്റ്റില്‍ 9.99 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 9.01 ശതമാനമായി കുറഞ്ഞു.
ധാന്യങ്ങളുടെ വില 24.26 ശതമാനവും ഗോതമ്പിന് 1.71 ശതമാനവും വിലക്കുറവുണ്ടായി. ഉരുളക്കിഴങ്ങിന്റെ വില 46.52 ശതമാനവും കുറഞ്ഞിട്ടുണ്ട്.