കൊല്ലം ജില്ലയിൽ മയക്കുമരുന്ന് വേട്ട ; മൊത്തവ്യാപാരി അറസ്റ്റിൽ

ARREST

കൊല്ലം : മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ (എം.ഡി.എം.എ) എന്ന മയക്കുമരുന്നുമായി കൊല്ലത്ത് മൊത്തവ്യാപാരി അറസ്റ്റിൽ. അശ്രാമത്തു നിന്ന് യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടികൂടിയത്. കൊല്ലം അശ്രാമം സ്വദേശി ദീപുവാണ് പിടിയിലായത്. 25കാരനായ ഇയാൾ മുന്‍ കഞ്ചാവ് കേസുകളിലെ പ്രതി കൂടിയാണ്.

പിടിയിലാവുന്ന സമയത്ത് പ്രതിയുടെ കൈവശം 10.56 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. ജില്ലയില്‍ ആദ്യമായാണ് ഇത്രയും അളവില്‍ എം.ഡി.എം.എ. പിടികൂടുന്നത്. പത്ത് ഗ്രാമില്‍ കൂടുതല്‍ എം.ഡി.എം.എ കൈവശം വയ്ക്കുന്നത് നിയമപരമായി വലിയ കുറ്റമാണ്. 20 വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയുടെ പക്കൽ നിന്നും 50 ഗ്രാം കഞ്ചാവും എം.ഡി.എം.എ. വിറ്റുകിട്ടിയ 40,000 രൂപയും കണ്ടെടുത്തു. ലഹരി വില്‍പ്പനയിലൂടെ സമ്പാദിച്ച പ്രതിയുടെ പേരിലുള്ള സ്വത്തും സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.

എം.ഡി.എം.എ ഒരുതരം പാർട്ടി ഡ്രഗാണ്. ഇത് ഒരു തരി ഉപയോഗിച്ചാല്‍ തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. 17-നും 26-നും ഇടയില്‍ പ്രായമുള്ളവരാണ് ദീപുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ആശ്രാമം മൈതാനം, ഉളിയക്കോവില്‍, കാവടിപ്പുറം ഭാഗങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന കായല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. പ്രദേശവാസികള്‍ക്ക് ശല്യമുണ്ടാക്കുന്നതായുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം നിരീക്ഷണം നടത്തിയത്.

ദീപുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷ് അറിയിച്ചു. മയക്കുമരുന്ന് കേസിലെ മുന്‍ പ്രതി ആറ്റിങ്ങല്‍ സ്വദേശി വൈശാഖില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് 50 ഗ്രാം വീതം എം.ഡി.എം.എ. കൊറിയര്‍ വഴി വാങ്ങാറുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Top