സിനിമയില്‍ ‘വില്ലന്‍’ ആരുമാകട്ടെ, പാലത്തിലെ ‘വില്ലന്‍’ മുന്‍ മന്ത്രിയാണ്

ഞ്ചവടിപ്പാലം എന്ന സിനിമയുടെ പ്രസക്തി ഈ പുതിയ കാലത്തും പ്രസക്തമാണ്. പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങിയ ദിവസം തന്നെയാണ് പഞ്ചവടി പാലം സിനിമയും റിലീസ് ചെയ്തിരുന്നത്. ഇതുപോലൊരു ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമകള്‍ മലയാളത്തില്‍ വിരളമാണ്. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേര്‍ന്നുള്ള ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന സിനിമയാണ് പഞ്ചവടിപ്പാലം. പാലാരിവട്ടം പാലവുമായി പഞ്ചവടി പാലത്തെ താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ പഞ്ചായത്തിന് പകരം സര്‍ക്കാര്‍ എന്ന മാറ്റമാണുള്ളത്.

ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ‘പഞ്ചവടി പാലം’ അഴിമതിയില്‍ പങ്കുപറ്റിയെങ്കില്‍ പാലാരിവട്ടം പാലം അഴിമതിയില്‍ അന്നത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമാണ് പ്രതിക്കൂട്ടിലുള്ളത്. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞാണ് ഇവിടെ പ്രധാന വില്ലനായിരിക്കുന്നത്. 1984 സെപ്റ്റംബര്‍ 28നാണ് പഞ്ചവടി പാലം സിനിമ തിയറ്ററുകളില്‍ എത്തിയത്. 2020 സെപ്തംബര്‍ 28ന് തന്നെയാണ് പാലാരിവട്ടം പാലവും പൊളിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കൗതുകകരമാണ് ഈ സാമ്യം. അങ്ങേയറ്റം ഹാസ്യരസപ്രധാനമായി അണിയിച്ചൊരുക്കിയ പഞ്ചവടി പാലത്തിന്റെ സംവിധായകന്‍ കെ.ജി ജോര്‍ജായിരുന്നു. അക്കാലത്തെ പ്രശസ്ത നിര്‍മാതാവ് ഗാന്ധിമതി ബാലനുമൊത്ത് ഒരു ചിത്രത്തിനായി ഒരുങ്ങിയപ്പോള്‍ തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഹാസ്യ ചിത്രമാവണം എന്നായിരുന്നു ജോര്‍ജ് ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ സിനിമയായിരുന്നു ഇത്.

മലയാള സിനിമയിലെ ഗൗരവമുള്ള മികച്ച സിനിമകളുടെ സൃഷ്ടാവ് എന്ന നിലയിലായിരുന്നു അതുവരെ ജോര്‍ജിനുണ്ടായിരുന്ന ഇമേജ്. ഈ ഇമേജില്‍ നിന്നും ഒരു മാറ്റം ജോര്‍ജും ആഗ്രഹിച്ചിരുന്നു. ജനകീയ ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘പാലം അപകടത്തില്‍’ എന്ന നോവലിലാണ് ‘പഞ്ചവടി പാലമാക്കി’ കെ.ജി ജോര്‍ജ് മാറ്റിയിരുന്നത്. ഇതിനു ശേഷം അഴിമതി പാലങ്ങള്‍ക്ക് നാട്ടുകാര്‍ ‘പഞ്ചവടിപ്പാലം’ എന്നാണ് പേരിട്ടിരുന്നത്. ഒടുവില്‍ പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി പരാമര്‍ശിച്ചതും അതു തന്നെയായിരുന്നു. കാലമെത്ര കഴിഞ്ഞാലും അഴിമതി വീരന്മാരായ രാഷ്ട്രീയക്കാര്‍ ഉള്ള കാലത്തോളം പഞ്ചവടിപ്പാലം അനശ്വരമായി തന്നെ നില നില്‍ക്കും. പാലാരിവട്ടം പാലം നല്‍കുന്ന ഉദാഹരണവും അതു തന്നെയാണ്. അഴിമതിയുടെ നിത്യ സ്മാരകങ്ങളുടെ പട്ടികയില്‍ ഇനി പാലാരിവട്ടം പാലവും ഉണ്ടാകും.

നിര്‍മാണത്തിലെ പിഴവുകളുടെ നേര്‍സാക്ഷ്യമാണ് ഈ മേല്‍പ്പാലം. 39 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചു കളയുന്നത്. ഒരു തരത്തിലുള്ള അറ്റക്കുറ്റപ്പണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കിയതാണ് പുനര്‍ നിര്‍മ്മാണത്തിന് വഴി ഒരുക്കിയിരിക്കുന്നത്. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നിരവധി പേരാണ് അറസ്റ്റിലായിരുന്നത്. സൂരജിനൊപ്പം സുമിത് ഗോയല്‍, ബെന്നി പോള്‍, എം.ടി. തങ്കച്ചന്‍ എന്നിവരും തുറങ്കിലടക്കപ്പെട്ടിട്ടുണ്ട്.

നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സ് എംഡിയാണ് സുമിത് ഗോയല്‍. കിറ്റ്‌കോ മുന്‍ എംഡിയാണ് ബെന്നി പോള്‍. ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജരാണ് എം.ടി.തങ്കച്ചന്‍. മേല്‍പാലത്തിന്റെ ദുരവസ്ഥയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. രൂപരേഖയിലെ പിഴവും കോണ്‍ക്രീറ്റിങ്ങിന്റെ നിലവാരമില്ലായ്മയും മേല്‍നോട്ടത്തിലെ അപാകതയും മൂലമാണ് ഗര്‍ഡറുകളിലും തൂണുകളിലും വിള്ളല്‍ കണ്ടതെന്നും വിജിലന്‍സ് ചൂണ്ടിക്കാണിച്ചിരുന്നു. നിര്‍മാണത്തിലെ ക്രമക്കേടുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോഴും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവര്‍ക്ക് കുരുക്കായി മാറിയിരിക്കുന്നത്.

പുതുതായി മൂന്ന് ഉദ്യോഗസ്ഥരെയും വിജിലന്‍സ് പ്രതിയാക്കിയിട്ടുണ്ട്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഗവര്‍ണറുടെ കൂടി അനുമതി കിട്ടിയതോടെ പലവട്ടം ഈ മുന്‍ പൊതുമരാമത്ത് മന്ത്രിയെ വിജിലന്‍സ് ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. അറസ്റ്റിന്റെ നിഴലിലാണ് ഇപ്പോഴും ഇബ്രാഹിംകുഞ്ഞുള്ളത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കരാറുകാരന് പണം നല്‍കിയതെന്നാണ് ഐ.എ.എസ് ഓഫീസര്‍ ടി.ഒ സൂരജ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മൊബിലേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ 8.25 കോടി രൂപയാണ് കരാറുകാരന് നിയമ വിരുദ്ധമായി നല്‍കിയിരുന്നത്. ഇതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ളത്.

മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന വാദവുമായി ഇടതുപക്ഷവും രംഗത്തുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ മന്ത്രിക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല. അറസ്റ്റിലേക്ക് കാര്യങ്ങള്‍ പോകുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. ‘പഞ്ചവടി പാലം’ സിനിമയിലെ പോലെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് നടത്തിയ അഴിമതിയല്ലയിത്. കുറ്റവാളികള്‍ അന്നത്തെ ഭരണകൂടം മാത്രമാണ്. അതു കൊണ്ട് തന്നെ നടപടിയുടെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകാന്‍ സാധ്യതയില്ല. കേരളം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

Top