രാഷ്ട്രപതി മോഹവുമായി പവാർ, എസ്.പിയുടെ മനസ്സിൽ “ബിഗ് ബിയും’

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതി ആരായിരിക്കും? ഈ ചര്‍ച്ചകളിലേക്ക് കൂടിയാണിപ്പോള്‍ ദേശീയ മാധ്യമങ്ങളും രാഷട്രീയ നിരീക്ഷകരും കടന്നിരിക്കുന്നത്. 2022 ജൂലൈയിലാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്നത്. പുതിയ രാഷ്ട്രപതിയും അദ്ദേഹത്തിന്റെ ആദ്യ രണ്ടുവര്‍ഷ കാലാവധിയും 2024 പൊതു തിരഞ്ഞെടുപ്പിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷത്തുനിന്നുള്ള ആളാണ് രാഷ്ട്രപതി ഭവനിലെങ്കില്‍ 370ാം വകുപ്പ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയെ പലതവണയാണ് രാഷ്ട്രപതി ഭവനിലേക്ക് വിളിച്ചു വരുത്തിയിരുന്നത്. ഇത്തരമൊരു സാഹചര്യം എന്തായാലും ബി.ജെ.പി ആഗ്രഹിക്കുകയില്ല. നിലവില്‍ എന്‍ഡിഎയുടെ എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടിന്റെ മൂല്യം 5,42,957 ആണ്. ആകെയുള്ള .ഇലക്ടറല്‍ കോളജിന്റെ 49.9 ശതമാനം വരുമിത്. യുപിഎയുടെ വോട്ട് മൂല്യം ആകട്ടെ 2,74,665 വോട്ടുകളാണ്. അതായത് 25.3 ശതമാനം. ഡി.എം.കെ, ആര്‍.ജെ.ഡി ഉള്‍പ്പെടെയാണിത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഈ കക്ഷികള്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമോ എന്നതും കണ്ടറിയേണ്ടതു തന്നെയാണ്.

ഇതിലൊന്നും പെടാത്ത മൂന്നാമത്തെ ഗ്രൂപ്പിന്റെ വോട്ട് മൂല്യം 2,70,092 ആണ്.24.8 ശതമാനമാണിത്. സമാജ് വാദി പാര്‍ട്ടിയും ടി.എം.സിയും ടി.ആര്‍.എസും വൈ.എസ് ആര്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ശിവസേനയും ഉള്‍പ്പെടെയുള്ള ഈ മൂന്നാമത്തെ ഗ്രൂപ്പാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. ഇതില്‍തന്നെ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന പാര്‍ട്ടികളും മറ്റിടങ്ങളില്‍ എതിര്‍ക്കുന്ന പാര്‍ട്ടികളും ഉണ്ട്. എന്നാല്‍ ബിജെപി വിരുദ്ധത എന്ന ആശയത്തില്‍ ഇവര്‍ ഒന്നിച്ചു നില്‍ക്കാനാണ് സാധ്യത. ഇപ്പോഴത്തെ കണക്കനുസരിച്ച് ബിജെപിക്കെതിരെ ആകെ ഇലക്ടറല്‍ കോളജ് വോട്ടിന്റെ 50 ശതമാനത്തിനടുത്ത് ഉണ്ടെന്നാണ് കണക്കു കൂട്ടല്‍. ബിജെപിക്ക് ഒപ്പം ആരൊക്കെ ചേരുന്നു എന്നതാവും ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളും നിലവില്‍ ഭരിക്കുന്നത് എന്‍ഡിഎയാണ്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലൂടെയാവും 2022 ല്‍ രാഷ്ട്രപതിഭവനിലേക്കും 2024ല്‍ ഡല്‍ഹിയിലെ അധികാരകേന്ദ്രത്തിലേക്കുമുളള സാധ്യത ബി.ജെ.പി തേടുക. 2017ല്‍ കാഴ്ചവച്ച ഏറ്റവും മികച്ച പ്രകടനം ആവര്‍ത്തിക്കുകയെന്നതാണ് ബിജെപി യുപിയില്‍ ഇക്കുറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 403 സീറ്റുള്ള യു.പിയിലെ ഓരോ എംഎല്‍എയുടെയും രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് മൂല്യം 208 ആണ്. യുപി നിയമസഭയുടെ ആകെ വോട്ട് മൂല്യം 83,824 ആണ്.അതായത് ഇലക്ടറല്‍ കോളജിലെ ആകെ എംഎല്‍എമാരുടെ 15.25 ശതമാനം വരുമിത്.

2022ല്‍ നഷ്ടമാകുന്ന ഓരോ സീറ്റും ബിജെപിക്ക് വലിയ തിരിച്ചടിയാകും. ഇക്കുറി 100 സീറ്റ് നഷ്ടമായാലും ബിജെപിക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാവും. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് മൂല്യത്തില്‍ 1.8 ശതമാനത്തിന്റെ കുറവാണ് അതുമൂലം ഉണ്ടാകുക. യുപിയിലെ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായാല്‍ മറ്റ് കക്ഷികളില്‍നിന്നുള്ള പിന്തുണ നേടിയെടുക്കാനും ബി.ജെ.പിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഈ അവസ്ഥയില്‍ ജെഡിയു പോലെയുള്ള സഖ്യകക്ഷികള്‍ വിലപേശാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടാണ് പ്രതിപക്ഷവും ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. എന്‍.സി.പി നേതാവ് ശരദ് പവാര്‍ രാഷ്ട്രപതി മോഹവുമായി ഇതിനകം തന്നെ രംഗത്തുണ്ട്. എന്നാല്‍ താരതമ്യേന ചെറിയ പാര്‍ട്ടിയായ എന്‍.സി.പി നേതാവിന് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. സമാജ് വാദി പാര്‍ട്ടി പ്രതിനിധിയായി തുടര്‍ച്ചയായി നാലു തവണ രാജ്യസഭയില്‍ എത്തിയ ജയ ബച്ചനാണ് അമിതാഭ് ബച്ചന്റെ ഭാര്യ.

യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദിപാര്‍ട്ടി മിന്നും പ്രകടനം കാഴ്ചവച്ചാല്‍ മുലായം സിങ്ങിന്റെയും അമിതാഭ് ബച്ചന്റെയും പേരാണ് സമാജ് വാദി പാര്‍ട്ടി മുന്നോട്ട് വയ്ക്കുക. ഈ നിലപാടിനൊപ്പം ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും അണി നിരക്കാനുള്ള സാധ്യതയും ഏറെയാണ്. പൊതു സമ്മതനായ ഒരു വ്യക്തിയെ മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ കടുത്ത ഭിന്നതക്കാണ് കാര്യമാവുക.

ഇവിടെയാണ് ബച്ചന്റെ സാധ്യത വര്‍ദ്ധിക്കുന്നത്. സമാജ് വാദി പാര്‍ട്ടി ബച്ചന്റെ പേര് മുന്നോട്ടു വയ്ക്കുകയും അദ്ദേഹം സമ്മതം മൂളുകയും ചെയ്താല്‍ … ആര്‍.ജെ.ഡി, ആം ആദ്മി പാര്‍ട്ടി, ടി.ആര്‍.എസ്, ടി.എം.സി ‘ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ഇടതുപക്ഷം, ബിജു ജനതാദള്‍, ഡി.എം.കെ, ശിവസേന പാര്‍ട്ടികളും പിന്തുണയ്ക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്സിനും ബിഗ് ബിയെ പിന്തുണക്കേണ്ടി വരും. അതേസമയം ബിഗ് ബിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെങ്കില്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. യു.പി അടക്കം കൈവിട്ടാല്‍ പൊതു സമ്മതനെന്ന ആശയം, ബി.ജെ.പി തന്നെ മുന്നോട്ടു വയ്ക്കാനും സാധ്യതയുണ്ട്. അപ്പോഴും അമിതാഭ് ബച്ചന് തന്നെയാണ് സാധ്യത കൂടുതലെന്നാണ് രാഷ്ട്രിയ നിരീക്ഷകരും വിലയിരുത്തുന്നത്.

EXPRESS KERALA VIEW

Top