വിദേശരാജ്യങ്ങള്‍ ഒരുങ്ങിക്കോ; കൊറോണയില്‍ ഇനിയാണ് കളി; ലോകാരോഗ്യ സംഘടന

ചൈനയിലേക്ക് യാത്ര ചെയ്യാത്തവരിലും കൊറോണാവൈറസ് കണ്ടെത്തുന്നത് ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി. നിലവില്‍ വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന അവസ്ഥ ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പുതിയ വൈറസിനെതിരെ ഒരുങ്ങി ഇരിക്കാന്‍ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയ പകര്‍ച്ചവ്യാധിയില്‍ ലക്ഷക്കണക്കിന് പേരെ പുറത്തിറക്കാതെ വൈറസ് ബാധ തടയാനുള്ള ശ്രമം തുടരുകയാണ്. സ്വന്തം ജീവന്‍ പണയംവെച്ച് പകര്‍ച്ചവ്യാധി തടയാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് യഥാര്‍ത്ഥ ഹീറോസെന്നും ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസ് ചൂണ്ടിക്കാണിച്ചു.

‘ചൈനയിലേക്ക് യാത്ര ചെയ്യാത്തവരില്‍ വൈറസ് കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ചെറിയ തോതില്‍ എങ്കിലും കേസുള്‍ കണ്ടെത്തുന്നത്, കൂടുതല്‍ പടരാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറ്റ് രാജ്യങ്ങളില്‍ ഇത് വെറും തുടക്കം മാത്രമാണ്’, ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഗെബ്രെയ്‌സിസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയില്‍ വെറസിനെ നേരിടാന്‍ കൂടുതല്‍ നടപടികള്‍ എല്ലാ രാജ്യങ്ങളും സ്വീകരിക്കണം. തുടക്കത്തില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പെട്ടെന്ന് രോഗം തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി കുതിച്ചുയര്‍ന്നു. സ്ഥിരീകരിച്ച കേസുകള്‍ 40000 എത്തിയെന്നും ചൈനീസ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ചൈനയില്‍ വൈറസിന്റെ വേഗത കുറയുന്നെങ്കിലും എന്തെങ്കിലും തരത്തില്‍ ഒരു അശ്രദ്ധ കാണിച്ചാല്‍ വൈറസ് വിജയിക്കുമെന്ന് ഗെബ്രെയ്‌സിസ് മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക സഹായവുമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും 675 മില്ല്യണ്‍ ഡോളര്‍ ലക്ഷ്യം എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top