രമേശിന്റെ സകല സ്വപ്നങ്ങളും തകരും, പ്രതിപക്ഷ നേതാവാകാനും ഇനി ?

രൊറ്റ കവര്‍ ചിത്രം കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ ചങ്കിടിപ്പിച്ചിരിക്കുകയാണിപ്പോള്‍ കെ.സി വേണുഗോപാല്‍. ഒറ്റയടിക്ക് രാജ്യത്തെ കോണ്‍ഗ്രസ്സിലെ രണ്ടാമന്റെ കസേര സ്വന്തമാക്കിയ കെ.സി യു.ഡി.എഫിന് എങ്ങാന്‍ അധികാരം കിട്ടിയാല്‍ അപ്രതീക്ഷിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിക്കുമോയെന്ന ആശങ്കയിലാണ് ഗ്രൂപ്പ് നേതാക്കള്‍. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ മേല്‍നോട്ടത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ, കര്‍ണാടക മുന്‍ പിസിസി അധ്യക്ഷന്‍ ജി. പരമേശ്വര എന്നിവരെ നിരീക്ഷകരാക്കിയതിന് പിന്നിലും കെ.സിയുടെ ഇടപെടല്‍ വ്യക്തമാണ്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനൊപ്പം ചേര്‍ന്നാണ് ഈ നിരീക്ഷക സംഘവും പ്രവര്‍ത്തിക്കുകയെന്നാണ് എഐസിസി അറിയിച്ചിരിക്കുന്നത്. ഇതോടെ ഭരണം ലഭിച്ചില്ലങ്കില്‍ പ്രതിപക്ഷ നേതാവാകാന്‍ പോലും ചെന്നിത്തലയ്ക്ക് ഇനി സാധിക്കില്ലെന്ന കാര്യവും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സുഹൃത്തായ താരിഖ് അന്‍വറിന് മാത്രമായി ചെന്നിത്തലയെ ഒരിക്കലും ഇനി സഹായിക്കാന്‍ കഴിയുകയില്ല. ശിഷ്യനായ കെ.സി വേണുഗോപാല്‍ തന്നെയാണ് ചെന്നിത്തലയുടെ മുന്നിലെ സകല വഴികളും ഇപ്പോള്‍ അടച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാന കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം തകര്‍ന്നിരിക്കെ നിരീക്ഷക പട വന്നത് കൊണ്ട് മാത്രം എന്ത് കാര്യമെന്ന ചോദ്യവും പാര്‍ട്ടിക്കകത്ത് നിലവില്‍ ശക്തമാണ്. മേഖലാ യോഗങ്ങളില്‍ നിന്ന് വിട്ട് നിന്നാണ് കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്. എം.പിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലന്ന എ.ഐ.സി.സി നിലപാടിന് പിന്നിലും കെ.സി വേണുഗോപാല്‍ തന്നെയാണെന്നാണ് സൂചന. എം.പി സ്ഥാനം രാജിവച്ചാല്‍ ആ സീറ്റ് ഇടതുപക്ഷം പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടാണ് കെ.സി സോണിയാ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ശശി തരൂര്‍ എന്നിവരുടെ മോഹങ്ങളാണ് ഇതോടെ തകര്‍ന്നിരിക്കുന്നത്.

തനിക്ക് മുന്നിലുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് കെ.സി വേണുഗോപാലിന്റെ തീരുമാനം. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ശക്തമായ ഒരു തിരിച്ചുവരവാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 1995ല്‍ എ.കെ ആന്റണി ഡല്‍ഹിയില്‍ നിന്നും പറന്നിറങ്ങി മുഖ്യമന്ത്രിയായത് പോലെ ഒരു മാസ് എന്‍ട്രി സ്വപ്നത്തിലെങ്കിലും കെ.സിയും ഇപ്പോള്‍ മുന്നില്‍ കാണുന്നുണ്ട്. മുന്‍പ് കെ. കരുണാകരന്‍ രാജി വച്ചപ്പോഴാണ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ എ.കെ ആന്റണി കേരളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നത്. അന്ന് മുസ്ലീംലീഗ് സുരക്ഷിത മണ്ഡലമായ തിരൂരങ്ങാടിയിലായിരുന്നു ആന്റണി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നത്. സമാന സാഹചര്യം കെ.സി വേണുഗോപാലിനും ഇത്തവണ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും ഉറച്ച് വിശ്വസിക്കുന്നത്.

ചെന്നിത്തലക്കും കാര്‍ത്തികേയനും ഒപ്പം മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന കെ.സി വേണുഗോപാല്‍ പിന്നീട് കരുണാകരനും മുരളിയും കോണ്‍ഗ്രസ്സ് വിട്ടതോടെ ചെന്നിത്തലക്കൊപ്പം ഐ ഗ്രൂപ്പിന്റെ കടിഞ്ഞാണാണ് ഏറ്റെടുത്തിരുന്നത്. മുരളീധരന്‍ തിരിച്ച് കോണ്‍ഗ്രസ്സില്‍ എത്തിയപ്പോഴും മുരളീധരന് ഗ്രൂപ്പ് നേതൃത്വം ഇരുവരും കൈമാറിയിരുന്നില്ല. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചതോടെ ഐ ഗ്രൂപ്പില്‍ നിന്നും കെ.സിയും അകലുകയായിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കെ.സി ഗ്രൂപ്പ് തന്നെ കേരളത്തില്‍ വേണുഗോപാലിനുണ്ട്. ഐ ക്വാട്ടയില്‍ മന്ത്രിമാരായിരുന്നവരില്‍ പലരും ഇപ്പോള്‍ കെ.സിയുടെ അടുപ്പക്കാരാണ്. എം.പിമാരിലും, ഡി.സി.സി യിലും, കെ.പി.സി.സിയിലും വരെ കെ.സി.യെ പിന്തുണയ്ക്കുന്നവരുണ്ട്. ഇവരെല്ലാം പാര്‍ട്ടിയിലെ സ്വന്തം നില ഭദ്രമാക്കാനാണ് കെ.സി വേണു ഗോപാലിനൊപ്പം കൂടിയിരിക്കുന്നത്.

സംഘടനാ ജനറല്‍ സെക്രട്ടറി എന്ന പദവി കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് എ.ഐ.സി.സി അദ്ധ്യക്ഷ കഴിഞ്ഞാല്‍ രണ്ടാമത്തെ പദവിയാണ്. അതുകൊണ്ട് തന്നെയാണ് കെ.സിയുടെ ഡിമാന്റും കൂടുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സുപ്രധാന സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഏറ്റവും പുതിയ കവര്‍ ചിത്രം. എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ് കെ.സി വേണുഗോപാലും ഇടംപിടിച്ചിരിക്കുന്നത്. സംഘടന ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണെങ്കിലും കെ സി വേണുഗോപാലിന് ഇതുവരെ കേരളത്തിലെ സംഘടന അധികാര ബലാബലത്തില്‍ വലിയ റോളില്ലായിരുന്നു. അതിനാണിപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസിനകത്ത് നിലവില്‍ കെ സി വേണുഗോപാല്‍ നേടിയിരിക്കുന്ന സ്വാധീനം വ്യക്തമാക്കുന്നത് കൂടിയാണ് കെ.പി.സി.സിയുടെ ഈ കവര്‍ചിത്രം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന പല നേതാക്കളും കെ സി വേണുഗോപാലിനോടൊപ്പം നിലയുറപ്പിച്ചത് ചെന്നിത്തലക്കാണ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. സംഘടന ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം ഗ്രൂപ്പിനുള്ളിലും കൂടിയിരിക്കുന്നത്. സമവാക്യങ്ങള്‍ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെ സി വേണുഗോപാലിലാണ് തങ്ങളുടെ ‘രക്ഷകനെ’ കാണുന്നത്. ഹൈക്കമാന്‍ഡില്‍ വേണുഗോപാലിനുളള ശക്തമായ സ്വാധീനം കേരളത്തില്‍ പുതിയ നേതാവിനെ സമ്മാനിക്കുമെന്ന് തന്നെയാണ് ഈ വിഭാഗം വിശ്വസിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോഗ്യകരമായ കാര്യങ്ങളാല്‍ മാറി നില്‍ക്കേണ്ടി വന്നാല്‍ കെ.സി വേണുഗോപാലിന് മുന്നില്‍ സാധ്യതകള്‍ ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അതേസമയം ഭരണം ലഭിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും തലമുറ മാറ്റമാണിപ്പോള്‍ അനിവാര്യമായിരിക്കുന്നത്. 2021- ലും തിരിച്ചടി നേരിട്ടാല്‍ സംസ്ഥാന കോണ്‍ഗ്രസ്സ് ഘടകം തന്നെ പിരിച്ചുവിടാനുള്ള സാധ്യതയും ഏറെയാണ്.

Top