കോവിഡ്19; ഡെക്സാമെത്തസോണ്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ ജീവന്‍രക്ഷാ മരുന്നെന്ന നിലയില്‍ ഡെക്‌സാമെത്താസോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ചെറിയ ഡോസില്‍ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍ നല്‍കുന്നത് മരണനിരക്ക് കുറയ്ക്കുന്നതായുള്ള പരീക്ഷണഫലത്തിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ തീരുമാനം.

സന്ധിവാതം, അര്‍ബുദം, ഗുരുതരമായ അലര്‍ജി, ആസ്മ എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഡെക്‌സാമെത്തസോണ്‍, കുറഞ്ഞ ഡോസില്‍ തുടര്‍ച്ചയായി പത്ത് ദിവസം നല്‍കിയത് ഗുരുതര കോവിഡ് രോഗികളില്‍ ഫലപ്രദമാണെന്ന ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ ഗവേഷണഫലമാണ് ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഇതൊരു പ്രാഥമിക പരീക്ഷണഫലം മാത്രമാണെന്നും ഗുരുതരസ്ഥിതിയിലായ രോഗികളില്‍ കൃത്യമായ മേല്‍നോട്ടം ഉറപ്പുവരുത്തിയ ശേഷം ഡെക്‌സാമെത്തസോണ്‍ നല്‍കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര് ജനറല് ടെദ്രോസ് അദനോം ഗബ്രിയേസിസ് അറിയിച്ചു.

അതേസമയം, ചെറിയ തോതില്‍ രോഗമുള്ളവരില്‍ പ്രതിരോധ മരുന്നെന്ന നിലയില്‍ ഡെക്‌സാമെത്തസോണ്‍ ഉപയോഗിക്കരുതെന്ന് ഗബ്രിയേസിസ് പ്രത്യേക മുന്നറിയിപ്പ് നല്‍കി. ഡെക്‌സാമെത്തസോണിന്റെ ഉപയോഗം മൂലമുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളാണ് ഇതിന് പിന്നില്‍. വില കുറഞ്ഞ മരുന്നായ ഡെക്‌സാമെത്തസോണിന് ലോകമാകമാനം ഉത്പാദകര്‍ ഉള്ളതായും ആവശ്യം വര്‍ധിച്ചതിനാല്‍ മരുന്നിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും ടെദ്രോസ് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ടെദ്രോസ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. കോവിഡിന്റെ ആഗോള വ്യാപനത്തിന് പിന്നില്‍ ലോകാരോഗ്യ സംഘടനയും ചൈനയുമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ കുറിച്ചായിരുന്നു ടെദ്രോസിന്റെ പരാമര്‍ശം. ആദ്യത്തെ 10 ലക്ഷം പേരില്‍ വൈറസ് എത്താന്‍ മൂന്ന് മാസമെടുത്തപ്പോള്‍ കഴിഞ്ഞ എട്ടു ദിവസം കൊണ്ടാണ് 10 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം അതീവ ത്വരിതഗതിയിലായതിന്റെ തെളിവാണതെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ ആഘോഷങ്ങളും ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകളാണ് വൈറസ് വ്യാപനം വര്‍ധിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യപ്രവര്‍ത്തക മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ക്ലബുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും അഭയകേന്ദ്രങ്ങളുമാണ് ദക്ഷിണ കൊറിയയിലെ രോഗവ്യാപന കേന്ദ്രങ്ങളെന്ന് ലോകാരോഗ്യ സംഘടനയുടെ മൈക്ക് റയാന്‍ പറഞ്ഞു.

Top