വിവാദ ഹോട്ടലിലെ പൊലീസ് റെയ്ഡ് തടഞ്ഞത് ആര് ? അതും കണ്ടെത്തണം

ഹരിയുടെ ഹബ്ബായി കൊച്ചി എന്ന മഹാനഗരം മാറുമ്പോള്‍ ലഹരി മാഫിയയെ പിടികൂടാന്‍ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന്റെ പ്രവര്‍ത്തനവും ഇപ്പോള്‍ നിശ്ചലമായ അവസ്ഥയാണുള്ളത്. ഒരു ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ എ.ടി.എസിലെ അടക്കം മിടുക്കരായ പൊലീസുകാരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ സംഘത്തിന്റെ പ്രവര്‍ത്തനമാണ് പാടെ നിലച്ചിരിക്കുന്നത്. ഇതിന്റെ കാരണം എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ടീമാണ് വാഗമണ്ണില്‍ റെയ്ഡ് നടത്തി 56 പേരെ അറസ്റ്റ് ചെയ്തിരുന്നത്. കൊച്ചിയില്‍ റെയ്ഡ് നടത്താന്‍ ഈ രഹസ്യ പൊലീസ് പ്ലാന്‍ ചെയ്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹോട്ടലിലാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ ഡി.ജെ.പാര്‍ട്ടിക്കു പോയിരുന്നത്. ഈ സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍ പിന്നീട് മരണപ്പെട്ടിരുന്നത്.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനായി പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവരം സഹിതമാണ് റെയ്ഡ് നടത്താന്‍ സ്‌പെഷ്യല്‍ ടീം അനുമതി തേടിയിരുന്നത്. എന്നാല്‍ പൊലീസ് തലപ്പത്ത് നിന്നു തന്നെ റെഡ് സിഗ്‌നല്‍ ഉയരുകയാണ് ചെയ്തിരുന്നത്. ഈ റെയ്ഡ് നടന്നിരുന്നെങ്കില്‍ ഒരു പക്ഷേ ഈ ഹോട്ടലിലെ ഡി.ജെ പരിപാടി തന്നെ അതോടെ അവസാനിക്കുമായിരുന്നു. ഒഴിലാക്കാമായിരുന്ന അപകടമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിന്റെയും ആവശ്യമില്ല. ഡി.ജെ.പാര്‍ട്ടി കഴിഞ്ഞിറങ്ങിയവരും പിന്തുടര്‍ന്നവരും എല്ലാം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹോട്ടലുടമയുടെ നിര്‍ദ്ദേശ പ്രകാരം ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിംങ്ങ് ഏരിയയിലെയും ദൃശ്യങ്ങള്‍ നശിപ്പിച്ചതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അന്‍സി കബീറും സംഘവും സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജു പൊലീസിനു നല്‍കിയ മൊഴിയും ഏറെ സംശയം ഉയര്‍ത്തുന്നതാണ്. ഇയാള്‍ക്കെതിരെ ഐപിസി 279 പ്രകാരം അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് മാത്രം കേസെടുത്ത് ഒതുക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. അപകടത്തില്‍പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനും പലതും ഒളിക്കുകയാണോ എന്ന സംശയവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പൊലീസ് ആരെയെക്കൊയോ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായ ആരോപണവും ശക്തമാണ്.

അപകടത്തിന് തൊട്ടുപിന്നാലെ സൈജു ഹോട്ടലുടമയെ ഉള്‍പ്പെടെ വിളിച്ചിട്ടുണ്ട്. ഹോട്ടലുടമയുടെ അടുത്ത സുഹൃത്തു കൂടിയാണ് സൈജു. കെ.എല്‍. 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡി കാറിലാണ് അന്‍സി കബീറിന്റെ വാഹനത്തെ സൈജു പിന്തുടര്‍ന്നിരുന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്ന് വന്നതെന്നുമാണ് ഇദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്.

ഹോട്ടലില്‍ താമസിക്കാം എന്നു അവരോട് സൈജു പറഞ്ഞതായ വിവരവും ഇതാടൊപ്പം തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും അവിശ്വസിനീയമായി തോന്നുന്ന ഈ മൊഴി കേട്ട് സൈജുവിനെ പറഞ്ഞു വിടുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. ഇതിനു ശേഷമാണ് ഹോട്ടല്‍ ഉടമയെ നോട്ടീസ് നല്‍കി വിളിപ്പിച്ചിരിക്കുന്നത്. സൈജു എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കി മൊഴി നല്‍കാനുള്ള അവസരമാണ് ഇതോടെ ഹോട്ടല്‍ ഉടമക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം ഹോട്ടലില്‍നിന്നും ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറും ഇതിനകം തന്നെ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തിനു ശേഷം പിന്തുടര്‍ന്ന ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു എന്നാണ് വിവരം. ഈ സംഘം മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതു തന്നെയാണ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണോ എന്ന സംശയത്തിനും ഇപ്പോള്‍ ഇടവരുത്തിയിരിക്കുന്നത്. കുണ്ടന്നൂരില്‍ വെച്ച് ഓഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും ”മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെടുകയും” ചെയ്തത് എന്തിനാണെന്നതിനും വ്യക്തത വരേണ്ടതുണ്ട്. ഒരു ക്രൈം ത്രില്ലര്‍ സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നത് അറിഞ്ഞാല്‍ കാര്യങ്ങള്‍ എല്ലാം അതോടെ വ്യക്തമാകും.

പുലർച്ച വരെ ഡി.ജെ പാർട്ടി നടത്താൻ, ആരാണ് ഈ ഹോട്ടലിന് അനുമതി കൊടുത്തത് എന്നതും, അറിയേണ്ടതുണ്ട്. പൊലീസ് സ്റ്റേഷനു സമീപമുള്ള ഹോട്ടൽ ആയതിനാൽ, പൊലീസിന് ഇക്കാര്യത്തിൽ ഒഴിഞ്ഞു മാറാൻ കഴിയുകയില്ല. അവിടെ അരുതാത്തത് എന്തു തന്നെ സംഭവിച്ചാലും, ലോക്കൽ പൊലീസിനും ഉത്തരവാദിത്വം ഉണ്ട്. ഈ ഹോട്ടലിനെതിരെ പൊലീസിൻ്റെ രഹസ്യ റിപ്പോർട്ട് ഉണ്ടായിട്ടും, എന്തു കൊണ്ട് ഇതുവരെ റെയ്ഡ് നടത്തിയില്ല എന്നതിനും, ഉന്ന പൊലീസ് ഉദ്യോഗസ്ഥർ മറുപടി പറയണം. സ്ഥലം ഇൻസ്പെക്ടർ മുതൽ ഉന്നത ഉദ്യോഗസ്ഥർക്കു വരെ, ഈ ഹോട്ടലിൽ റൂം ഉണ്ടായിരുന്നു എന്ന ആരോപണത്തിൻ്റെ നിജസ്ഥിതിയും, പുറത്ത് വരേണ്ടതുണ്ട്.

സൈജുവിന്റെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ച പൊലീസ് ഹോട്ടല്‍ ഉടമയുടെ ഉള്‍പ്പെടെ സി.ഡി.ആറും പരിശോധിക്കേണ്ടതുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാലും നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാലും അതിനെ നിസാരവല്‍ക്കരിക്കുന്നതും ശരിയല്ല. അതു പോലെ തന്നെ ഭയപ്പെടുത്തുന്ന രൂപത്തില്‍ ഒരു വാഹനം പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു ശേഷം വാഹനം അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഐ.പി.സി 279 പ്രകാരം അമിത വേഗതക്ക് മാത്രം കേസെടുത്ത് ഒതുക്കാന്‍ ശ്രമിക്കുന്നതും കേസ് അട്ടിമറിക്കാന്‍ തന്നെയാണ്. അങ്ങനെ മാത്രമേ വിലയിരുത്താനും സാധിക്കുകയൊള്ളൂ.

EXPRESS KERALA VIEW

Top