കാൻസർ കുതിക്കുമെന്ന് ഡബ്ലുഎച്ച്ഒ; 2050 ഓടെ 35ദശലക്ഷം പുതിയ രോ​ഗികളുണ്ടാകാം

രോ​ഗ്യഭീഷണിയായി തുടരുന്ന രോ​ഗമാണ് കാൻസർ. നേരത്തേ തിരിച്ചറിയാത്തതും മതിയായ ചികിത്സ ലഭ്യമാക്കാത്തതുമൊക്കെ കാൻസർ രോ​ഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആ​ഗോളതലത്തിൽ തന്നെ കാൻസറുണ്ടാക്കുന്ന ആഘാതങ്ങളേക്കുറിച്ച് ലോകാരോ​ഗ്യസംഘടനയുടെ ഭാ​ഗമായ ഐ.എ.ആർ.സി. നടത്തിയ ​ഗവേഷണത്തിലും സമാനകണ്ടെത്തലുകളാണുള്ളത്.

കൂടുതലായി കാണപ്പെടുന്ന കാൻസറുകളേക്കുറിച്ചും മരണകാരണമാകുന്ന കാൻസറുകളേക്കുറിച്ചുമൊക്കെ ഐ.എ.ആർ.സി. ​ഗവേഷണം നടത്തുകയുണ്ടായി. തുടർന്നാണ് 2022-ൽ ഏറ്റവുമധികം കാണപ്പെട്ട കാൻസറുകൾ ശ്വാസകോശത്തേയും സ്തനത്തേയും മലാശയത്തേയും ബാധിക്കുന്നതാണെന്ന് കണ്ടെത്തിയത്. പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കണ്ടെത്തിയത് ശ്വാസകോശാർബുദം, മലാശയാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ്. അതേസമയം സ്ത്രീകളിൽ സ്തനാർബുദം, ശ്വാസകോശാർബുദം, മലാശയാർബുദം എന്നിവയാണെന്നും കണ്ടെത്തി.

ആ​ഗോളതലത്തിൽതന്നെ ശ്വാസകോശാർബുദം മൂലമുള്ള മരണനിരക്ക് ഉയർന്നുനിൽക്കുകയാണെന്നും ​ഗവേഷണത്തിലുണ്ട്. ഇരുപതുലക്ഷത്തോളം പേരെയാണ് ശ്വാസകോശാർബുദം ബാധിച്ചത്, പത്തുലക്ഷത്തിലേറെപേരുടെ മരണത്തിനും കാരണമായി. മരണനിരക്കും രോ​ഗബാധാനിരക്കും ഏറ്റവും കൂടുതലായി കണ്ടെത്തിയത് ഏഷ്യയിലും യൂറോപ്പിലുമാണ്.

കാൻസർ രോ​ഗികളുടെ നിരക്കിൽ വരുംവർഷങ്ങളിലും വൻവർധനവ് രേഖപ്പെടുത്തുമെന്നും ​ഗവേഷണത്തിലുണ്ട്. 2050 ആകുമ്പോഴേക്ക് 77% കാൻസർ കേസുകളിലേക്കെത്തിച്ചേരുമെന്നാണ് പറയപ്പെടുന്നത്. അതായത് 35 ദശലക്ഷം പുതിയകേസുകൾ എന്ന നിലയിലേക്ക് കാൻസർ കേസുകൾ കുതിക്കുമെന്നാണ് ​ഐ.എ.ആർ.സി. വ്യക്തമാക്കുന്നത്.

മാനവവികസന സൂചികയിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലുള്ളവർ കാൻസർ രോ​ഗനിർണയം നടത്തുന്നത് വൈകിയാണെന്നും ​ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാനുള്ള സാധ്യത ഇവരിൽ കുറവാണെന്നും ​ഗവേഷണത്തെ അടിസ്ഥാനമാക്കി ലോകാരോ​ഗ്യസംഘടന പറയുന്നു. കൂടാതെ രാജ്യങ്ങളിലുള്ള കാൻസർ സംബന്ധിച്ച ആരോ​ഗ്യപദ്ധതികളേക്കുറിച്ചും ലോകാരോ​ഗ്യസംഘടന പരാമർ‌ശിക്കുന്നുണ്ട്. 115 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ ​ഗവേഷണത്തിൽ 39ശതമാനം രാജ്യങ്ങൾ മാത്രമാണ് കാൻസറിനേയും അടിസ്ഥാന ആരോ​ഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Top