കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്ന് ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു.

‘കോവിഡ് വ്യാപനത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ വൈറസിന്റെ വ്യാപനനിരക്ക് ഇതിലധികമാകുന്നത് നാം കാണുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു’.ഡബ്ല്യു.എച്ച്.ഒ.യുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍ റയാന്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേ സമയം നിസ്സാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശരിയായ രീതിയിലാണ് പുതിയ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ നാമിപ്പോള്‍ ചെയ്യുന്നത് കുറച്ചു കൂടി ഗൗരവമായും കുറച്ചു കാലത്തേക്ക് കൂടിയും തുടര്‍ന്നാല്‍ മതിയാകും. വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാലും അല്‍പം കൂടി കഠിനമായി പരിശ്രമിച്ചാല്‍ നമുക്കിതിനെ തുരത്താനാവും- മൈക്ക് റയാന്‍ പറഞ്ഞു.

Top