കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ ബെയ്ജിങ്ങിലെത്തിയ ഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍ ദൗത്യം പൂര്‍ത്തിയാക്കി

ജനീവ: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനായി ബെയ്ജിങ്ങില്‍ എത്തിയ ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധികളുടെ ദൗത്യം പൂര്‍ത്തിയായതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. ജൂലൈ 10 നാണ് പകര്‍ച്ചവ്യാധി വിദഗ്ധനെയും മൃഗസംരക്ഷണ വിദഗ്ധനെയും ചൈനയിലേക്ക് അയച്ചത്.

മൃഗങ്ങളില്‍ നിന്നുള്ള വൈറസ് ഉദ്ഭവത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സംഘം പഠന വിധേയമാക്കിയതെന്നും തുടര്‍പഠനം നടത്തേണ്ടതിന്റെ ഭാഗമായി രാജ്യാന്തര തലത്തില്‍ പ്രമുഖ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ഉള്‍ക്കൊള്ളിച്ച് വിപുലമായ സംഘത്തെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി കൂടിയാലോചിച്ചായിരിക്കും പരിശോധനാ വിഷയങ്ങള്‍ തീരുമാനിക്കുക.

കോവിഡ് കേസുകളുടെ ഉറവിടം തിരിച്ചറിയാന്‍ ചൈനയില്‍ വ്യാപകമായി പകര്‍ച്ചവ്യാധി പഠനങ്ങള്‍ ആരംഭിക്കും. ഇതിലൂടെ ശേഖരിക്കുന്ന തെളിവുകളും അനുമാനങ്ങളും ദീര്‍ഘകാല പഠനത്തിന് അടിത്തറയാകുമെന്നാണ് വിലയിരുത്തല്‍. കോവിഡിനെ നേരിടാന്‍ ലോകരാജ്യങ്ങളുടെ കയ്യില്‍ മാന്ത്രികവടിയില്ല.

പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ശാരീരിക അകലം, മാസ്‌ക് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദാനം പറഞ്ഞു. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് ചൈനയ്‌ക്കെതിരെ അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയാറായത്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.

Top