who offered drinking water for adhivasis, DFO played master drama for tourism mafia

മലപ്പുറം: നിലമ്പൂര്‍ കക്കാടംപൊയിലിനടുത്ത് വെറ്റിലപ്പാറ ചീങ്കണ്ണിപ്പാലിയില്‍ മലയിടിച്ച് കാട്ടരുവിയില്‍ തടയണകെട്ടി നിര്‍മ്മിച്ച കൃത്രിമതടാകം തുറന്നുവിടാതെ റവന്യൂ വകുപ്പിനൊപ്പം വനംവകുപ്പും ടൂറിസം മാഫിയക്കുവേണ്ടി ഒത്തുകളിക്കുന്നു.

കഴിഞ്ഞ സെപ്തംബര്‍ 27ന് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയെങ്കിലും ഇതുവരെയും നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ റിപ്പോര്‍ട്ട്‌പോലും നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് നല്‍കാത്ത ഡി.എഫ്.ഒ ആര്‍. ആടല്‍ അരശനെതിരെ നടപടിയെടുക്കാനുള്ള നീക്കവും കളക്ടറുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഡിസംബര്‍ മാസത്തില്‍ തന്നെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ഡി.എഫ്.ഒ പറഞ്ഞിരുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം
റിപ്പോര്‍ട്ടിന്റെ പകര്‍പ്പുതേടി അപേക്ഷ നല്‍കിയപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നു വ്യക്തമായത്.

കടുത്ത വേനലില്‍ ആദിവാസികളടക്കമുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് നടപടിയെടുക്കാതെ ടൂറിസം മാഫിയക്കുവേണ്ടി റവന്യൂ, വനംവകുപ്പ് അധികൃതര്‍ ഒത്തുകളിക്കുന്നത്.

മുന്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ കളക്ടര്‍ ടി.ഭാസ്‌ക്കരന്‍ നിര്‍മ്മാണപ്രവൃത്തികള്‍ തടഞ്ഞ് ഉത്തരവിട്ടത്. എന്നാല്‍ കാട്ടരുവിയില്‍ തടയണകെട്ടി നിര്‍മ്മിച്ച കൃത്രിമതടാകം തുറന്നുവിടാനുള്ള യാതൊരു നടപടിയും പിന്നീടുണ്ടായില്ല.

പിന്നീട് ഈ തടാകത്തില്‍ ടൂറിസം ലോബി ബോട്ടിങ് സര്‍വീസ് ആരംഭിച്ചപ്പോഴാണ് മുന്‍ കളക്ടര്‍ ഷൈനാമോള്‍ കഴിഞ്ഞ സെപ്തംബറില്‍ ഡി.എഫ്.ഒയോടും നിലമ്പൂര്‍ തഹസില്‍ദാരോടും റിപ്പോര്‍ട്ട് തേടിയത്. ഇവിടെ പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ നല്‍കിയത്. തടയണകെട്ടി തടഞ്ഞുനിര്‍ത്തിയ വെള്ളം തുറന്നുവിട്ട് പൂര്‍വ്വസ്ഥിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതുമില്ല. ഡി.എഫ്.ഒ ആകട്ടെ അഞ്ചു മാസമായിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍പോലും തയ്യാറായിട്ടില്ല.

അതേസമയം ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ തടയണകെട്ടി കൃത്രിമ തടാകം കെട്ടിയ സംഭവത്തില്‍ കേസെടുത്ത പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷണില്‍ നടപടിയെടുക്കേണ്ടത് റവന്യൂ വകുപ്പാണെന്ന നിലപാടാണ് ഡി.എഫ്.ഒ സ്വീകരിച്ചത്.

തടയണകെട്ടി തടഞ്ഞ വെള്ളം വനഭൂമിയിലൂടെ കടന്നുപോകേണ്ടതാണ്. വന്യജീവികളടക്കം കുടിവള്ളത്തിനാശ്രയമാണിത്. വനമേഖലയില്‍ നിന്നും ഉത്ഭവിക്കുന്നതും വനത്തിലൂടെ കടന്നുപോകുന്നതുമായ ജലസ്രോതസ് സ്വകാര്യ വ്യക്തി തടയണകെട്ടി തടഞ്ഞാല്‍ പൊളിച്ചുനീക്കാന്‍ നിയമപ്രകാരം തന്നെ വനംവകുപ്പിന് നടപടിയെടുക്കാവുന്നതാണ്.

ലക്ഷങ്ങള്‍ ചെലവിട്ട് വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക് വനംവകുപ്പ് കുടിവെള്ളമൊരുക്കുമ്പോഴാണ് കുടിവെള്ളം തടയണകെട്ടി തടഞ്ഞതിനെതിരെ നടപടിയെടുക്കാത്തത്.

ചീങ്കണ്ണിപ്പാലി ആദിവാസി കോളനിക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നീര്‍ച്ചാലാണ് തടയണകെട്ടി തടഞ്ഞിരിക്കുന്നത്. വനവും സ്വകാര്യ കൈവശ സ്ഥലും ഉള്‍പ്പെടുന്ന നീര്‍മറി പ്രദേശത്തുനിന്നും ഉല്‍ഭവിച്ച നീര്‍ച്ചാല്‍ ചെറിയ തോടായി നിക്ഷിപ്തവനത്തിലൂടെ ഒഴുകി തേനരുവി പുഴയിലെത്തി പിന്നീട് ചാലിയാറില്‍ ചേരുന്നതാണ്. ഇതാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ കെട്ടി തടഞ്ഞിരിക്കുന്നത്.

പാരിസ്ഥിതിക ലോല പ്രദേശത്ത് വ്യാപകമായി മലയിടിച്ചാണ് തടാകം നിര്‍മ്മിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഒരു അനുമതിയും വാങ്ങാതെ നിയമവിരുദ്ധമായാണ് മണ്ണിടിച്ചത്. മൂന്നുഭാഗവും നിക്ഷിപ്ത വനത്താല്‍ ചുറ്റപ്പെട്ട പരിസ്ഥിതി ലോല പ്രദേശത്ത് മലടിയിടിച്ച് നിര്‍മ്മിച്ച കൃത്രിമതടാകത്തിലെ തടഞ്ഞു നിര്‍ത്തിയ വെള്ളം തുറന്നുവിട്ടാല്‍ മാത്രമേ വേനല്‍ക്കാലത്ത് ചീങ്കണ്ണിപ്പാലി ആദിവാസി കോളനിക്കാര്‍ക്കും
വന്യജീവികള്‍ക്കും കുടിവെള്ളം ലഭിക്കൂ. ഇതിനായി നടപടിയെടുക്കേണ്ട വനം വകുപ്പ് മൗനം പാലിക്കുന്നത് വിവാദമാവുകയാണ്.

Top