1000 കോടി വാര്‍ഷിക ബജറ്റുള്ള കോര്‍പ്പറേഷന്‍ ഭരണം ഇനി ആര്‍ക്ക് ?

ദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൊച്ചിയില്‍ നടക്കുക തീ പാറുന്ന പോരാട്ടം. കോര്‍പ്പറേഷന്‍ ഭരണം തിരിച്ചുപിടിക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കൊച്ചി കോര്‍പ്പറേഷനിലെ അഴിമതി ആയുധമാക്കാനാണ് ഇടതുപക്ഷ നീക്കം. 1000 കോടിയ്ക്കടുത്ത് വാര്‍ഷിക ബജറ്റുള്ള കോര്‍പ്പറേഷനാണിത്. സംസ്ഥാനത്തെ വ്യാവസായിക തലസ്ഥാനമായതിനാല്‍ ഇരു മുന്നണികളും ഗൗരവത്തോടെയാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യു.ഡി.എഫിന് കോണ്‍ഗ്രസ്സിലെ ചേരിപ്പോര് നിലവില്‍ വലിയ ഭീഷണിയാണ്. മേയര്‍ സൗമിനി ജെയിനെതിരായ വികാരവും കൂടുതല്‍ ശക്തമാണ്. സൗമിനി ഇനി മത്സരിച്ചാല്‍ തോല്‍പ്പിക്കും എന്നതാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇത്തവണ ഭരണം ലഭിച്ചാല്‍ മേയര്‍ സ്ഥാനം വിട്ടു നല്‍കില്ലെന്നതാണ് ഐ വിഭാഗത്തിന്റെയും നിലപാട്.

എന്നാല്‍ സ്ഥാനമാനങ്ങള്‍ കോര്‍പ്പറേഷനിലെ ഗ്രൂപ്പ് അംഗസംഖ്യ നോക്കി പിന്നീട് തീരുമാനിക്കണമെന്നാണ് എ വിഭാഗം പറയുന്നത്. ഇരു വിഭാഗങ്ങളും മേയര്‍ സ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇപ്പോള്‍ നീങ്ങുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ വടംവലി തിരഞ്ഞെടുപ്പില്‍ പാലം വലിയില്‍ കലാശിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സ്ഥാനാര്‍ത്ഥി മോഹികളും ഗ്രൂപ്പ് നേതാക്കള്‍ക്ക് തലവേദനയാണ്. ഇവരില്‍ മിക്കവരും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള നേതാക്കളെയാണ് ആശ്രയിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മറ്റൊരു നിര്‍ണ്ണായക ഘടകം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാനാണ്. എറണാകുളം എം.പി ഹൈബി ഈഡന്‍, എം.എല്‍.എമാരായ ടി.ജെ വിനോദ് , പി.ടി തോമസ്, മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് എന്നിവരും സ്വന്തം നോമിനികളുമായി കളത്തിലുണ്ട്. സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം വര്‍ധിക്കുന്നത് റിബല്‍ ശല്യത്തിനും സാധ്യത വര്‍ധിപ്പിക്കും.

കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടില്ലെന്ന കണക്ക് കൂട്ടലിലാണ് സകല നീക്കങ്ങളും കോണ്‍ഗ്രസ്സില്‍ നടക്കുന്നത്. അതേസമയം ഇടതുപക്ഷവും ശ്രദ്ധയോടെയാണിപ്പോള്‍ കരുക്കള്‍ നീക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിയാണ് ചുവപ്പിന്റെ പ്രധാന തുറുപ്പ് ചീട്ട്. നാലു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഒറ്റയോഗത്തില്‍ ചര്‍ച്ച ചെയ്യാനുള്ള മേയറുടെ നീക്കം തടഞ്ഞതും ഇതിന്റെ ഭാഗമാണ്. വിജിലന്‍സ് അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഇടതു ശ്രമം. വലിയ അഴിമതിയാണ് കോര്‍പ്പറേഷന്‍ ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇത് തുറന്നു കാട്ടുന്നതിനായി വലിയ ഒരു ലിസ്റ്റ് തന്നെ ഇടതുപക്ഷം തയ്യാറാക്കി വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ തന്നെയാണ് തീരുമാനം.

നാലു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒറ്റ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ യുക്തി എന്താണെന്നാണ് സി.പി.എം ചോദ്യം. ചര്‍ച്ച ഒഴിവാക്കുന്നതിനാണ് ഒറ്റയടിയ്ക്ക് ഈ നീക്കം നടത്തിയതെന്നാണ് അവരുടെ വിമര്‍ശനം. കോര്‍പറേഷന്റെ 2015-16, 2016- 17, 2017-18, 2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും 2014-15ലെ മേയേഴ്‌സ് ഡെവലപ്മെന്റ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും ചര്‍ച്ച ചെയ്യാനാണ് സെപ്റ്റംബര്‍ 9ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചിരുന്നത്. എന്നാല്‍ കുറച്ചു സമയത്തിനുള്ളില്‍ എല്ലാ ഓഡിറ്റ് റിപ്പോര്‍ട്ടും ഒന്നിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന്, കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് 2018-19ലെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് ചര്‍ച്ച ചെയ്തിരുന്നത്.

ഈ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഗുരുതരമായ ആക്ഷേപങ്ങള്‍ക്കാകട്ടെ മേയര്‍ മറുപടി പറഞ്ഞതുമില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയാണുണ്ടായത്. നികുതി-ഇതര വരുമാനത്തില്‍ നഗരസഭയില്‍ ഉണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം 2018–19ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റദ്ദാക്കപ്പെട്ട രസീതുകള്‍ ഉപയോഗിച്ച് പണം പിരിച്ചെടുത്തതും രസീതുകളില്‍ തിരിമറി നടത്തി പണാപഹരണം നടത്തിയതുമടക്കം ഗുരുതരമായ ആക്ഷേപങ്ങളും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെലവ് ഇനത്തില്‍ ആവശ്യമായ വൗച്ചറുകള്‍ ഹാജരാക്കാത്തതിനാലും കൃത്യമായ മറുപടി നല്‍കാത്തതിനാലും 24.85 കോടി രൂപ ചെലവിനത്തില്‍ മാത്രം ഓഡിറ്റ് തടസ്സപ്പെടുത്തിയിട്ടുണ്ട്. നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്‍മാരെക്കുറിച്ചും ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി കൊച്ചി മേയര്‍ ഔദ്യോഗിക വാഹനം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തുവെന്ന ആരോപണവും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഉന്നയിക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി വി പി ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടാസ്, പൂര്‍ണിമ നാരായണ്‍, ആന്റണി ഫ്രാന്‍സിസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കൃത്യമായി ഒരു മറുപടിയും മേയര്‍ക്കുണ്ടായിരുന്നില്ല. ഭരണപക്ഷ അംഗങ്ങള്‍ക്കിടയില്‍ പോലും ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉയര്‍ത്തി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.

Top