ലീഗിന് വിവരം ചോര്‍ത്തിയത് ആര് ?ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി

ദ്യോഗസ്ഥര്‍ക്കിടയിലെ പ്രതിപക്ഷത്തിന്റെ ചാരന്‍മാരെ കണ്ടെത്താന്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് നീക്കം ചോര്‍ത്തപ്പെട്ടു എന്ന നിഗമനത്തെ തുടര്‍ന്നാണിത്. അതീവ രഹസ്യമായി വിജിലന്‍സ് നടത്തിയ നീക്കം എങ്ങനെ മുന്‍കൂട്ടി ഇബ്രാഹിം കുഞ്ഞ് അറിഞ്ഞു എന്നതാണ് സംസ്ഥാന ഇന്റലിജന്‍സ് വിശദമായി പരിശോധിക്കുന്നത്. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് വിവരം ചോര്‍ത്തി കിട്ടിയതുകൊണ്ടാണ് ഇബ്രാഹിം കുഞ്ഞ് മുന്‍കൂട്ടി ആശുപത്രിയില്‍ അഡ്മിറ്റായതെന്നാണ് ആഭ്യന്തര വകുപ്പും കരുതുന്നത്. അറസ്റ്റ് സംബന്ധിച്ച് തങ്ങള്‍ക്ക് മുന്‍പ് തന്നെ അറിവുണ്ടായിരുന്നതായി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് ഉന്നത തലയോഗങ്ങള്‍ നടന്നതായും കുഞ്ഞാലിക്കുട്ടി ആരോപിച്ചിട്ടുണ്ട്.

വിജിലന്‍സിന്റെ നീക്കങ്ങള്‍ കൃത്യമായി അറിയാമായിരുന്നു എന്ന മുസ്ലീം ലീഗ് നേതാവിന്റെ പ്രതികരണത്തെ ഗൗരവമായാണ് സര്‍ക്കാറും വിജിലന്‍സ് ഉന്നതരും കാണുന്നത്. സര്‍ക്കാറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിക്കാനിരിക്കെ ഒറ്റുകാരനെ കണ്ടെത്തിയില്ലെങ്കില്‍ അത് മറ്റ് നീക്കങ്ങളെയും ബാധിക്കുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. അതേസമയം ഭരണമാറ്റം മുന്നില്‍ കണ്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിറമാറ്റം തുടങ്ങിയതായാണ് ഈ ‘ചോര്‍ച്ച’യെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ തുടര്‍ ഭരണം ഒരു മുന്നണിക്കും കിട്ടിയ ചരിത്രമില്ല. മാത്രമല്ല, സംസ്ഥാന സര്‍ക്കാറിനെതിരായ ആരോപണങ്ങളും ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാണ്. ഇതെല്ലാം ഭരണ തുടര്‍ച്ച ലഭിക്കില്ലെന്ന കണക്ക് കൂട്ടലിലെത്താന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ ഫയലുകളിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നു തന്നെ ചോര്‍ത്തപ്പെടുന്ന സംഭവവും ഇപ്പോഴുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടല്ലെന്ന് ആദ്യം പറഞ്ഞത് മുന്‍ ഐ.ടി ഉപദേഷ്ടാവ് കൂടിയായ ജോസഫ് സി മാത്യുവാണ്. തനിക്ക് ഇതു സംബന്ധമായ വിവരം സെക്രട്ടറിയേറ്റില്‍ നിന്നും ലഭിച്ചെന്നും സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ അദ്ദേഹം പറയുകയുണ്ടായി. ഇതും ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ ഒറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സി.പി.എം അനുകൂല സര്‍വ്വീസ് സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭരണമാറ്റം മുന്നില്‍ കണ്ട് ‘സാഹസം’ കാട്ടിയാല്‍ അത് വലിയ മണ്ടത്തരമായി മാറുമെന്നാണ് ഇടതുപക്ഷ അനുകൂല സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നത്. എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും ഇടതു ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് തന്നെയാണ് ഇടത് അനുകൂല സംഘടനകള്‍ വിശ്വസിക്കുന്നത്.

സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവ് ആരോപണങ്ങളുടെ മുനയൊടിക്കുമെന്നാണ് അവര്‍ കരുതുന്നത്. അതേസമയം അറസ്റ്റ് വിവരം ചോര്‍ന്നെങ്കിലും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെത്തി വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്നതോടെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം. ഇതോടെ രണ്ട് പ്രതിപക്ഷ എം.എല്‍.എമാരാണ് അഴിമതി കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ – എം.സി കമറുദ്ദീന്‍ നിലവില്‍ ജയിലിലാണ്. ഇബ്രാഹിം കുഞ്ഞിനെയും കാത്തിരിക്കുന്നത് ഇതേ അവസ്ഥ തന്നെയാണ്. രണ്ട് മുസ്ലീംലീഗ് എം.എല്‍.എമാരുടെ വിക്കറ്റുകളാണ് പിണറായി സര്‍ക്കാറിപ്പോള്‍ തെറിപ്പിച്ചിരിക്കുന്നത്.

സോളാര്‍ കേസില്‍ കോണ്‍ഗ്രസ്സ് നേതാവായ മുന്‍ മന്ത്രി എ.പി അനില്‍കുമാറും നിലവില്‍ അറസ്റ്റിന്റെ നിഴലിലാണ്. അഴീക്കോട് എം.എല്‍.എ കൂടിയായ ലിഗ് യുവനേതാവ് കെ.എം ഷാജിക്കെതിരെയും കടുത്ത നടപടിയിലേക്കാണ് സംസ്ഥാന ഏജന്‍സികള്‍ കടക്കുന്നത്. കെ.എം ഷാജിയെ നിരവധി തവണ എന്‍ഫോഴ്‌സ്‌മെന്റും ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തിന്റെ നടുവൊടിക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കടുത്ത നടപടിയിലേക്ക് കടന്നതും ഇതിന്റെ ഭാഗമാണ്. നടപടിയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന സന്ദേശമാണ് ഭരണകൂടം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണം സര്‍ക്കാറിനെതിരെ ഉന്നയിക്കുന്നവരെ അതേ രൂപത്തില്‍ തന്നെ കുരുക്കിലാക്കുന്ന സര്‍ക്കാര്‍ നീക്കം യു.ഡി.എഫിനെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

നിലവില്‍ എം.എല്‍.എമാര്‍ക്കെതിരെ നടക്കുന്ന നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അവര്‍ വാദിക്കുന്നുണ്ടെങ്കിലും കേസില്‍ കഴമ്പുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് ഖമറുദ്ദീന്റെയും ഇബ്രാഹിം കുഞ്ഞിന്റെയും കാര്യത്തില്‍ വ്യക്തവുമാണ്. ഇതാണ് ഇടതുപക്ഷവും പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാറിനെ കടന്നാക്രമിച്ചവരെ ഒറ്റയടിക്കാണ് ഭരണപക്ഷമിപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2020 ഫെബ്രുവരി അഞ്ചിനാണ് മുന്‍ മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നത്. മേല്‍പ്പാലം അഴിമതിക്കേസില്‍ ടി ഒ സൂരജിന് പുറമെ കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ എംഡി സുമിത് ഗോയല്‍, ആര്‍ബിഡിസികെ മുന്‍ അസി. മാനേജര്‍ എം ടി തങ്കച്ചന്‍, കിറ്റ്കോ മുന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു.

Top