ഇർഷാദിന്റെ മരണം; പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും

കോഴിക്കോട് : പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും, കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചേക്കും.

പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇർഷാദിന് വേണ്ടിയുള്ള അന്വേഷണം ഒടുവിലെത്തി നിന്നത് നാടകീയമായ വഴിത്തിരിവിലാണ്. ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ട ഇർഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇർഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വർണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുന്പായിരുന്നു മാതാപിതാക്കൾ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

 

Top