Who is ruling in tamilnadu-police concerns about the decision

ചെന്നൈ: തമിഴകം ആര് ഭരിക്കുമെന്നതിനെ സംബന്ധിച്ച ആശങ്ക പൊലീസിലും പടരുന്നു.

വീണ്ടും അണ്ണാ ഡിഎംകെ സര്‍ക്കാറാണ് അധികാരത്തിലെത്തുന്നതെങ്കില്‍ തമിഴ്‌നാട് പൊലീസ് മേധാവിയടക്കമുള്ള മിക്ക പൊലീസുദ്യോഗസ്ഥരുടെയും കസേര തെറിക്കുന്ന സാഹചര്യമാണുണ്ടാകുക.

കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വം ആരോപിക്കുന്നത്.

ശശികലയെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ എം എല്‍ എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ നടന്ന പൊലീസ് നടപടിയാണ് പാര്‍ട്ടി നേതാക്കളെയും എം എല്‍ എമാരെയും ചൊടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി റിസോര്‍ട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും എം എല്‍ എമാരുടെ സഹായികളെ അറസ്റ്റ് ചെയ്തതും റിസോര്‍ട്ട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടതുമെല്ലാം പനീര്‍ശെല്‍വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെങ്കിലും ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥരും മറുപടി പറയേണ്ടി വരുമെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വം പറയുന്നത്.

എം എല്‍ എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന മധുര സൗത്ത് എം എല്‍ എ ശരവണന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. കമാന്‍ഡോകള്‍ ഉള്‍പ്പെടെ 2,500 പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

ഇന്ന് കാലത്ത് മാത്രം 40 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തിരുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ കഴിയുന്നതെന്നും മടങ്ങി പോകണമെന്നുമാണ് എം എല്‍ എമാര്‍ പൊലീസിനോട് ആവശ്യപ്പെടുന്നത്.

കാഞ്ചിപുരം എസ്പി മുത്തരശ്ശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഉത്തര മേഖല ഐ ജിയും സ്ഥലത്തെത്തിയിട്ടുണ്ട്.

പളനിസ്വാമി തന്നെ മുഖ്യമന്ത്രിയാകുമെന്നും അപ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്നും എം എല്‍ എമാര്‍ പൊലീസുദ്യോഗസ്ഥരോട് തട്ടിക്കയറി പറയുന്നുണ്ട്.

പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്മാറിയെങ്കിലും മുകളില്‍ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് പൊലീസ് പട.

Top