അടുത്തതായി റയല്‍ മാഡ്രിഡ് വല വീശുന്നത് ആര്‍ക്കു വേണ്ടി ?

Real-Madrid

ലോകകപ്പ് കഴിഞ്ഞതോടു കൂടി ക്ലബ്ബുകളിലേക്കാണ് ഇനി ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്. പ്രീസീസണ്‍ ആരംഭിക്കും മുന്‍പേ തന്നെ പല വമ്പന്‍ കളിക്കാരെയും പ്രശസ്ത ക്ലബ്ബുകള്‍ സ്വന്തമാക്കി കഴിഞ്ഞു.

ലെസ്റ്റര്‍ സിറ്റിയില്‍നിന്നും റിയാദ് മെഹ്‌റസ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കും ബ്രസീലിന്റെ മധ്യനിരതാരം ഫ്രെഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കും ലോകകപ്പിനിടെ തന്നെ മാറിയിരുന്നു. കഴിഞ്ഞവര്‍ഷം ബാഴ്‌സലോണ വിട്ട് നെയ്മര്‍ പി.എസ്.ജിയിലേക്ക് പോയതായിരുന്നുവെങ്കില്‍, സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ട് യുവന്റസിലേക്കും ചേക്കേറി. ബ്രസീലിന്റെ സൂപ്പര്‍ ഗോളിയായ അലിസന്‍ ബെക്കറെ റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളും സ്വന്തമാക്കി.

ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റു നോക്കുന്നത് റയല്‍ മാഡ്രിഡിലേക്കാണ്. ക്ലബിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സീരി എയിലേക്ക് നീങ്ങിയതോടെ മറ്റൊരു സൂപ്പര്‍ താരത്തിനായുള്ള നെട്ടോട്ടത്തിലാണ് റയല്‍ മഡ്രിഡ് മേധാവി ഫ്‌ലോറന്റീനോ പെരസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ മിന്നിത്തിളങ്ങിയ കൗമാരതാരം കെയ്‌ലിയന്‍ എംബാപെ ആണിപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് രാജാക്കന്മാരുടെ നോട്ടപ്പുള്ളി. ചെല്‍സിയുടെ എഡന്‍ ഹസാര്‍ഡ്, ഗോളി തിബോ കൊര്‍ട്ടോ എന്നിവരിലും റയലിന് കണ്ണുണ്ട്.

പി.എസ്.ജിയില്‍നിന്ന് നെയ്മര്‍ റയലിലെത്തുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍, ഇക്കാര്യം പി.എസ്.ജി നിഷേധിച്ചിരുന്നു.

Top