സഹമന്ത്രി പദവി ലഭിച്ച കംപ്യൂട്ടര്‍ ബാബ ആരാണ്? ഈ പേരിന് പിന്നിലെ കഥയറിയാം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ സഹമന്ത്രിപദത്തിന് തുല്യമായ പ്രത്യേക പദവി നല്‍കിയ അഞ്ച് ഹിന്ദുനേതാക്കളില്‍ ഒരാളാണ് 54കാരനായ കംപ്യൂട്ടര്‍ ബാബ. നംദ്യോ ദാസ് ത്യാഗി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. അപ്പോള്‍ പിന്നെ കംപ്യൂട്ടര്‍ ബാബ എന്ന പേര് എങ്ങനെ കിട്ടി? പല കഥകളാണ് ഈ പേരിന് പിന്നില്‍ പ്രചരിക്കുന്നത്.

എപ്പോഴും ലാപ്‌ടോപ്പുമായി നടക്കുന്നതുകൊണ്ടാണ് കംപ്യൂട്ടര്‍ ബാബ എന്ന പേര് വിളിക്കുന്നതെന്നാണ് പ്രധാന കഥ. അതല്ല, കംപ്യൂട്ടറിന്റെ വേഗതയിലുള്ള ബുദ്ധിയുള്ളതിനാലാണ് അങ്ങനെ വിളിക്കുന്നതെന്ന് മറ്റൊരു കഥ. കഥകളിലൊന്നും വലിയ കഥയില്ലെങ്കിലും എല്ലാവരുടെയും കംപ്യൂട്ടര്‍ ബാബയാണ് ഇദ്ദേഹം.

ഇന്‍ഡോര്‍ സ്വദേശിയാണ് ബാബ. മൂന്ന് വര്‍ഷം മുന്‍പ് കുംഭമേളക്കിടെ തന്റെ ഹെലികോപ്ടറിന് അനുമതി തേടിയതുമായി ബന്ധപ്പെട്ട് ഇദ്ദേഹം വാര്‍ത്തകളിലിടം നേടിയിരുന്നു.

2014ല്‍ ആംആദ്മി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. നിലവില്‍ മധ്യപ്രദേശിലെ സഹമന്ത്രിക്ക് തുല്യമായ സ്ഥാനത്തുണ്ട് കംപ്യൂട്ടര്‍ ബാബ. നര്‍മദ നദീസംരക്ഷണത്തിനായി രൂപീകരിച്ച മതനേതാക്കളുടെ കമ്മിറ്റിയംഗമാണ് ബാബ.

പല സാഹചര്യങ്ങളിലായി ബിജെപിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് കംപ്യൂട്ടര്‍ ബാബ. ബിജെപിയും ആര്‍എസ്എസും സന്യാസികളെ നിക്ഷിപ്ത താത്പര്യത്തിനുപയോഗിച്ച് ചൂഷണം ചെയ്യുന്നു എന്നാണ് ഇദ്ദേഹം 2015ല്‍ പറഞ്ഞത്. ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബാബ അന്ന് പ്രഖ്യാപിച്ചിരുന്നു.

അന്ന് വിമര്‍ശിച്ച ബിജെപിയുടെ സ്ഥാനമാനങ്ങളൊന്നും ബാബ നിരസിച്ചില്ല എന്ന് മാത്രമല്ല, മധ്യപ്രദേശ് സര്‍ക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു. സാമൂഹ്യക്ഷേമത്തിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കംപ്യൂട്ടര്‍ ബാബ പറഞ്ഞു.

Top