ഗൂഢാലോചന ശക്തം; എബോള നിയന്ത്രണം ദുഷ്‌ക്കരമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോങ്കോയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിള്‍ എബോള അതിവേഗം പടര്‍ന്നു പിടിക്കുന്നത് സൈനിക വിഭാഗങ്ങളുടെ ആക്രമങ്ങള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന. നൂറിലധികം ആളുകളാണ് ഈ രോഗം മൂലം മരിച്ചത്. 150ലധികം കേസുകളാണ് വടക്കന്‍ കിവു, ഇതുരി പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വിവിധ കാരണങ്ങളാല്‍ വരും ദിവസങ്ങളില്‍ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഓരോ ആഴ്ചയും പുതിയ രോഗികള്‍ ഉണ്ടാകുന്നതിന്റെ നിരക്ക് 40ല്‍ നിന്ന് 10 ആക്കി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 11,700 പേര്‍ക്ക് പ്രതിരോധ മരുന്നും നല്‍കി. എങ്കിലും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശത്രുസൈന്യത്തിന്റെ ആക്രമണങ്ങള്‍ ഈ മേഖലയില്‍ വര്‍ദ്ധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബെനിയില്‍ 21 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിനാല്‍ അവിടെ ലോകാരോഗ്യ സംഘടന നടത്തി വന്നിരുന്ന ക്യാമ്പ് അവസാനിപ്പിച്ചു.

ശത്രു സൈന്യം പുലര്‍ച്ചെ ബെനിയില്‍ എത്തുകയും നിരവധി പുരുഷന്മാരെയും സ്ത്രീകളെയും കടത്തിക്കൊണ്ടു പോവുകയും ചെയ്തു. 14 കുട്ടികളാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ പ്രദേശത്ത് രോഗം ഉണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ ഇതുവരെ വേണ്ട വിധം നിരീക്ഷിക്കാന്‍ പോലും സാധിച്ചിട്ടില്ല.

രാജ്യത്ത് അടുത്തു തന്നെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എബോള പ്രധാന വിഷയമാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് പാര്‍ട്ടികളെന്നും അതിനാലാണ് ഈ പ്രദേശത്ത് ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നതെന്നും സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ കഴിയാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തുന്നുണ്ട്. എന്നാല്‍ സ്ഥലത്തെ സംഘര്‍ഷാവസ്ഥ കാരണം പലര്‍ക്കും മുന്നോട്ട് വരാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.

ഗൂഢാലോചനയാണ് പ്രശ്‌നം ഗുരുതരമാക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥരെ അവിടെ നിന്നും മാറ്റാനാണ് യുഎന്‍ ആലോചിക്കുന്നത്.

Top