നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നത് ആപത്തെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകരാജ്യങ്ങളില്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ നിയന്ത്രണങ്ങള്‍ അയവുവരുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. നിയന്ത്രണങ്ങള്‍ പെട്ടെന്നു പിന്‍വലിക്കുന്നതു രോഗവ്യാപനം മാരകമാകാന്‍ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം സംഘടനയുമുണ്ടെന്നും എന്നാല്‍ പെട്ടെന്നതു സാധ്യമല്ലെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം പറഞ്ഞു. ലോക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിപ്പിക്കണമോ എന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച ചെയ്യും.

കൊവിഡ് പ്രതിരോധത്തിന്റെ നിലവിലെ സ്ഥിതിയും ആവശ്യമായ തുടര്‍നടപടികളും വിശകലനം ചെയ്യും. പഞ്ചാബില്‍ മേയ് ഒന്നു വരെ കര്‍ഫ്യൂ തുടരാന്‍ സംസ്ഥാന സര്‍ക്കാരും ലോക്ഡൗണ്‍ 30 വരെ നീട്ടാന്‍ ഒഡീഷയും തീരുമാനിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുക എളുപ്പമല്ലെന്നു പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ലോകത്ത് മരണസംഖ്യ ഒരുലക്ഷം കടന്നു. 1,02,734 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 8 ദിവസം കൊണ്ടാണ് മരണസംഖ്യ 50,000ല്‍നിന്ന് ഒരു ലക്ഷത്തില്‍ എത്തിയത്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലേറെ ജീവന്‍ പൊലിഞ്ഞു. ഇതോടെ ആകെ മരണസംഖ്യ 18,747. യുഎസില്‍ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടിരിക്കുകയാണ്.

Top