‘നിങ്ങൾ ആരാണ്, ഞാൻ ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്’; ലെഫ്. ​ഗവർണറിനോട് കെജ്രിവാൾ

ദില്ലി: ദില്ലി അധ്യാപകരുടെ ഫിൻലൻഡിലേക്കുള്ള സന്ദർശനം തടഞ്ഞ ലെഫ്. ​ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലി നിയസഭാ പ്രത്യേക സമ്മേളനത്തിലായിരുന്നു ലെഫ്. ​ഗവർണർ വി.കെ. സക്സേനക്കെതിരെ കെജ്രിവാൾ രം​ഗത്തെത്തിയത്. ആരാണ് ലെഫ്. ​ഗവർണർ എന്ന് കെജ്രിവാൾ ചോദിച്ചു. ദില്ലി സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ​ഗവർണർ അതിരുകടന്ന് ഇടപെടുന്നതായും അദ്ദേഹം ആരോപിച്ചു. എന്റെ അധ്യാപകൻ ​പോലും എന്റെ ഗൃഹപാഠം ഇതുപോലെ പരിശോധിച്ചിട്ടില്ല. സ്പെല്ലിങ്, കൈയക്ഷരം തുടങ്ങി എല്ലാം ​ഗവർണർ പരിശോധിക്കുക ആണെന്നും കെജ്രിവാൾ വിമർശിച്ചു.

പ്രൈമറി സ്കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് പരിശീലനത്തിന് അയയ്ക്കാനുള്ള ദില്ലി സർക്കാർ പദ്ധതി ലഫ്റ്റനന്റ് ഗവർണർ റദ്ദാക്കിയതായും കെജ്രിവാളും എഎപിയും ആരോപിച്ചു. എന്നാൽ പദ്ധതി റദ്ദാക്കിയിട്ടില്ലെന്നും ചെലവും യാത്രകൊണ്ടുള്ള നേട്ടങ്ങളും ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ​ഗവർണർ വിശദീകരിച്ചു.

ചെലവും പദ്ധതി നേട്ടങ്ങളും ചോദിക്കാൻ നിങ്ങൾ ആരാണ്? പൊതുജനം തെരഞ്ഞെടുത്തത് തന്നെയാണെന്ന് കെജ്രിവാൾ തിരിച്ചടിച്ചു. ലെഫ്. ​ഗവർണറെ തെരഞ്ഞെടുത്ത് ആരാണെന്ന് ചോദിച്ചപ്പോൾ പ്രസിഡന്റാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ​ഗവർണർ പറഞ്ഞത്. ബ്രിട്ടീഷുകാർ വൈസ്രോയിമാരെ തിരഞ്ഞെടുത്തത് പോലെയെന്ന് താൻ മറുപടി നൽകി. പണ്ട് ഇന്ത്യക്കാർക്ക് എങ്ങനെ ഭരിക്കണമെന്നറിയില്ലെന്ന് ബ്രിട്ടീഷ് വൈസ്രോയിമാർ പറഞ്ഞിരുന്നു. ഇപ്പോൾ നിങ്ങൾ (ലഫ്റ്റനന്റ് ഗവർണർ) പറയുന്നു ദില്ലിക്കാർക്ക് ദില്ലി ഭരിക്കാനറിയില്ലെന്ന് – കെജ്രിവാൾ പറഞ്ഞു.

Top