ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ കണ്ടെന്ന് ജോ ബൈഡന്‍; ബൈഡനെ തിരുത്തി വൈറ്റ്ഹൗസ്

വാഷിങ്ടണ്‍ ഡി.സി:ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ കണ്ടെന്ന ജോ ബൈഡന്റെ പ്രസ്താവനക്ക് തിരുത്തുമായി വൈറ്റ് ഹൗസ്്. ഇസ്രയേലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് പ്രസിഡന്റ് സംസാരിച്ചതെന്നും ജോ ബൈഡന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈറ്റ് ഹൗസില്‍ ജൂത നേതാക്കളുമായി കൂടിക്കാഴ്ച നടത്തവെയാണ് ‘ഭീകരര്‍ കുട്ടികളുടെ ശിരച്ഛേദം ചെയ്യുന്നതിന്റെ സ്ഥിരീകരിച്ച ചിത്രങ്ങള്‍’ താന്‍ കണ്ടതായി ബൈഡന്‍ പറഞ്ഞത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന മാധ്യമ റിപ്പോര്‍ട്ടുകളുടെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവിന്റെ അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ഇസ്രയേലി കുട്ടികളെ ശിരച്ഛേദം ചെയ്തത് ബൈഡനും മറ്റ് യുഎസ് ഉദ്യോഗസ്ഥരും കാണുകയോ സ്വതന്ത്രമായി സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ഗാസയില്‍ നിന്ന് ആരംഭിച്ച ആക്രമണത്തില്‍ ഹമാസിന്റെ ഖസ്സാം ബ്രിഗേഡുകള്‍ നിരവധി ഇസ്രയേലി കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹമാസ് കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന ഒരു വിവരവുമില്ലായെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവ് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Top