ചൈനക്കെതിരെയുള്ള നടപടികള്‍ അധികം വൈകാതെ നിങ്ങള്‍ക്കു കേള്‍ക്കാനാകുമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടന്‍: ചൈനയെ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കായി മുന്നൊരുക്കങ്ങള്‍ നടത്തി യുഎസ്. എന്താണു നടപടികളെന്നു വ്യക്തമല്ല. ചൈനയെ ലക്ഷ്യമിട്ടുള്ള നടപടികള്‍ അധികം വൈകാതെ നിങ്ങള്‍ക്കു കേള്‍ക്കാനാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെയ് മക്ക്‌നനി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വ്യാപാരയുദ്ധത്തിനു പിന്നാലെ വുഹാനില്‍നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ പേരിലും യുഎസും ചൈനയും കൊമ്പുകോര്‍ക്കുകയാണ്. കോവിഡ് കൃത്യമായി നിയന്ത്രിക്കാനാകാത്ത ചൈനയുടെ നടപടിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു.

അതിനിടയില്‍ ഹോങ്കോങ്ങിനുമേല്‍ ചൈന ചുമത്തിയ പുതിയ ദേശീയ സുരക്ഷാനിയമം, അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം, ഉയിഗുര്‍ മുസ്ലിംകളോടുള്ള സമീപനം, തിബറ്റിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ വാക്യുദ്ധത്തിലാണ്.

മുന്‍ ബ്രിട്ടിഷ് കോളനിയായ ഹോങ്കോങ്ങിനെ ചൈന കവര്‍ന്നെടുത്തുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. അടുത്ത ദിവസങ്ങളില്‍ത്തന്നെ ചൈനയ്‌ക്കെതിരായ നടപടികളുണ്ടാവുമെന്നും ട്രംപ് ചൈനയ്‌ക്കെതിരെ നില്‍ക്കുന്നതുപോലെ ഒരു യുഎസ് പ്രസിഡന്റും നിന്നിട്ടില്ലെന്നും ബ്രയന്‍ കൂട്ടിച്ചേര്‍ത്തു.

Top