സുലൈമാനിയെ ‘തീര്‍ത്തു’, ഇറാന് വൈറ്റ് ഹൗസ് കോഡ് സന്ദേശം നല്‍കി; ഒത്തുകളിയോ?

റാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് ശേഷം വൈറ്റ് ഹൗസ് സ്വിസ് എംബസി വഴി ഇറാന് സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് പ്രശ്‌നം വഷളാക്കേണ്ടെന്നാണ് ടെഹ്‌റാനിലെ സ്വിസ് എംബസി വഴി നല്‍കിയ കോഡ് സന്ദേശത്തില്‍ യുഎസ് അറിയിച്ചത്. കോഡ് ഭാഷയിലുള്ള ഫാക്‌സ് സന്ദേശത്തിലൂടെയാണ് പ്രശ്‌നം വഷളാക്കരുതെന്ന് വൈറ്റ് ഹൗസ് ഇറാനെ ഉപദേശിച്ചത്.

അക്രമത്തിന് ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വൈറ്റ് ഹൗസും, ഇറാന്‍ അധികൃതരും തമ്മില്‍ സുപ്രധാന സന്ദേശങ്ങള്‍ കൈമാറിയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുമുഖത്ത് പൊട്ടിത്തെറികളും, പ്രഖ്യാപനങ്ങളും, പോരുവിളികളും അരങ്ങേറുമ്പോഴാണ് ഔദ്യോഗിക തലത്തില്‍ മാന്യമായ രീതിയില്‍ ആശയവിനിമയം നടന്നത്. ഒരാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ സേന തങ്ങുന്ന ഇറാഖിലെ രണ്ട് സൈനിക ബേസുകളില്‍ ആള്‍നാശം ഇല്ലാത്ത മിസൈല്‍ അക്രമണം നടത്തിയ ശേഷം വാഷിംഗ്ടണും, ടെഹ്‌റാനും സംഘര്‍ഷം ലഘൂകരിക്കുകയാണ്.

ഇറാനുമായി അത്രയൊന്നും സംസാരിക്കാറില്ലെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ അത്തരം ആവശ്യം വന്നാല്‍ സ്വിസ് എംബസി ഇതില്‍ സുപ്രധാന പങ്കുവഹിക്കും. സന്ദേശങ്ങള്‍ കൃത്യമായി നല്‍കി കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കും, മാധ്യമ റിപ്പോര്‍ട്ട് പറയുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസിഡറുടെ വക്താവ് ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ല.

എന്നാല്‍ തങ്ങള്‍ക്കും യുഎസിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കാറുള്ള സ്വിസ് പരിശ്രമങ്ങളെ വക്താവ് പ്രശംസിച്ചു. മറ്റെല്ലാ വഴികളും അടയുമ്പോള്‍ ഈ പിന്‍വാതില്‍ ശ്രമങ്ങള്‍ ഫലം കാണാറുണ്ട്.

Top