ഇസ്രയേല്‍-ഹമാസ് യുദ്ധം:വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ അഡ്രിയെന്ന വാട്‌സണ്‍. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ധാരണയില്‍ എത്തിയിട്ടില്ലെന്നും യു.എസ്. ഇതിനുവേണ്ടി ഇരുഭാഗങ്ങളിലുമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 50 പേരെ കൈമാറുമെന്നും അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുഭാഗങ്ങളും എത്തി എന്ന തരത്തില്‍ ശനിയാഴ്ച വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലാണ് വൈറ്റ് ഹൗസ് വ്യക്തതവരുത്തിയിരിക്കുന്നത്.

ഓരോ 24 മണിക്കൂറിലും ചെറുസംഘങ്ങളായി തടവില്‍ പാര്‍പ്പിച്ചവരെ മോചിപ്പിക്കുമെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. അമ്പതിലേറെ തടവുകാരെ ഇത്തരത്തില്‍ മോചിപ്പിക്കുമെന്ന് ആറുപേജുള്ള കരാര്‍ പത്രത്തില്‍ പറയുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ അത്തരത്തില്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ല എന്ന് നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

Top