പ്രതീക്ഷയോടെ ഇന്ത്യന്‍ വംശജര്‍. .വൈറ്റ് ഹൗസ് ലക്ഷ്യം വെച്ച് കമലയും തുള്‍സിയും. .

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് കമല ഹാരിസ് എന്ന ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ അമേരിക്കന്‍ ജനവിഭാഗത്തെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജന്മദിനാഘോഷ വേളയിലാണ് ഇവര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് കമല രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഭരണതലത്തിലെ ട്രംപിന്റെ പല നിയമനങ്ങളേയും ചോദ്യം ചെയ്ത കമല ഹാരിസ് അറ്റോര്‍ണി ജനറലായ ജെഫ് സെഷന്‍സിന്റെ കണ്ണിലെ കരടായിരുന്നു.

മധ്യവര്‍ഗ്ഗക്കാരുടെ വര്‍ദ്ധിച്ചു വരുന്ന നികുതി ഭാരവും ജീവിതച്ചെലവുമാണ് കമലയുടെ പ്രധാന പ്രചരണായുധം.

ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് ഈ 54 കാരി. 2016ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമല. സ്‌റ്റേറ്റ് അറ്റോര്‍ണിയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎസ് സെനറ്റിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഏറ്റവും ജൂനിയര്‍ അംഗമാണിവര്‍.

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ വലിയ സന്തോഷത്തിലും ഒപ്പം ആത്മവിശ്വാസത്തിലുമാണ്. ലേഡി ഒബാമ എന്നാണ് ഒരു വിഭാഗം കമലയെ വിശേഷിപ്പിക്കുന്നത്. 2020ല്‍ ഇവര്‍ ജയിച്ചാല്‍ അത് അമേരിക്ക ഇതുവരെ കാണാത്ത ചരിത്രമാകും. ആദ്യത്തെ വനിതാ പ്രസിഡന്റാകാന്‍ ഒരിന്ത്യന്‍ വംശജ എന്നത് വലിയ അഭിമാന നിമിഷം തന്നെയാണ്. തുള്‍സി ഗബ്ബാറും വൈറ്റ് ഹൗസ് ലക്ഷ്യമാക്കി മുന്നോട്ട് വന്നു കഴിഞ്ഞു. ഹിന്ദു അമേരിക്കന്‍ എന്ന ലേബലാണ് തുള്‍സി ഗബ്ബാറിനുള്ളത്.

ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദുവാണ് തുള്‍സി. എന്നാല്‍ ഏതെങ്കിലും ഒരാളുടെ പിന്നില്‍ അണിനിരക്കാനാണ് അമേരിക്കയിലെ ഇന്ത്യന്‍ ജനതയുടെ തീരുമാനം. അതായത്, ഏറ്റവുമധികം വിശ്വാസ്യത നേടാന്‍ സാധിക്കുന്ന ഒരാളെ പിന്തുണയ്ക്കുമെന്ന് ചുരുക്കം. ആ കടമ്പ കൂടി കടക്കേണ്ടത് ഇന്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനിവാര്യമാണ്.

കമലയുടെ അമ്മ തമിഴ്‌നാടുകാരിയായ ശ്യാമള ഗോപാലന്‍ ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് എത്തിയതാണ്. എന്നാല്‍, അവര്‍ എപ്പോഴും ഇന്ത്യന്‍- അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരു അകലം പാലിച്ചിരുന്നു. കഴിഞ്ഞ് ആറ് മാസമായി ഇവര്‍ ഇന്ത്യന്‍ വംശജരുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അത്തരം ഇടപെടലുകള്‍ മാത്രം പോരാ കമലയ്ക്ക് വരാനിരിക്കുന്ന കടമ്പകളെല്ലാം കടക്കാന്‍. നെവാഡ, നോര്‍ത്ത് കരോളിന, കാലിഫോര്‍ണിയ, വിര്‍ജീനിയ എന്നിവിടങ്ങളിലെ പ്രബലമായ ഏഷ്യന്‍ അമേരിക്കന്‍ വിഭാഗത്തിന്റെ പിന്തുണ കമലയ്ക്ക് കൂടിയേ തീരൂ.

കമല വിജയിക്കുമോ പരാജയപ്പെടുമോ എന്നത് രണ്ടാമത്തെ വിഷയം എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഒരു അവസരം സൃഷ്ടിക്കാന്‍ അവര്‍ക്കായി എന്നതാണ് വലിയ കാര്യം.

എന്തായാലും, കമല അതിശക്തയായ ഒരു എതിരാളിയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കമല അവരെ സ്വയം നിര്‍വ്വചിക്കേണ്ട സമയമാണിത്. മറ്റുള്ളവരില്‍ നിന്ന് എന്ത് പ്രത്യേകതയാണ് കമലയ്ക്കുള്ളത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട അവസരമാണിത്.

ഇന്ത്യന്‍ അമേരിക്കന്‍ വിഭാഗം എന്ന പറയുന്നത് രാജ്യത്തെ 1 ശതമാനം മാത്രമുള്ള ജനക്കൂട്ടമാണ്. . എന്നാല്‍ ഏറ്റവുമധികം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഭാഗവും ഇത് തന്നെയാണ്.

Top