White House goes to war with the media

ന്യൂയോര്‍ക്ക്: മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി. ട്രംപിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ നിരോധിച്ചത്. ട്രംപിന്റേത് മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രമുഖ മാധ്യമങ്ങളെ വിലക്കിയത്.

വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ് ടൈംസ്, ദ ന്യൂയോര്‍ക്ക് ഡെയ്ലി, ബസ്സ് ഫീഡ് എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല. റോയിട്ടേഴ്സ് അടക്കം 10 മാധ്യമങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചത്.

റിപ്പോര്‍ട്ടര്‍മാരെ വിലക്കിയതിനുള്ള കാരണവും പ്രസ് സെക്രട്ടറി വ്യക്തമാക്കിയില്ല. തെരഞ്ഞെടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇ മെയില്‍ സന്ദേശം അയച്ചാണ് വാര്‍ത്താ സമ്മേളനത്തിന് ക്ഷണിച്ചത്.

ട്രംപിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് സിഎന്‍എന്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസ്, എന്‍.ബി.സി, എ.ബി.സി, സി.ബി.എസ്, സി.എന്‍.എന്‍ തുടങ്ങിയ അഞ്ച് മാധ്യമ സ്ഥാപനങ്ങളുടെ പേരെടുത്ത് പറഞ്ഞ് ട്രംപ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം വിമര്‍ശം ഉന്നയിച്ചിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല. മറിച്ച് അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

Top