അമേരിക്കയില്‍ 50 ശതമാനം പേരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കയിലെ ആകെ ജനസംഖ്യയുടെ പകുതി ആളുകളും പൂര്‍ണമായി കൊവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിലെ 165 ദശലക്ഷത്തിലധികം ജനങ്ങളും രണ്ട് ഡോസ് മോഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്‌സിന്‍ അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഓരോ ഡോസും സ്വീകരിച്ച് കഴിഞ്ഞു.

വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് വിവരം അറിയിച്ചത്. കൊവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുത്തിവെയ്പ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്. വൈറ്റ് ഹൗസ് കൊവിഡ് -19 ഡാറ്റ ഡയറക്ട്ര്‍ സൈറസ് ഷഹപര്‍ ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

മെയ് അവസാനത്തോടെ തന്നെ പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ പകുതിയും പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പുതുതായി വാക്സിന്‍ സ്വീകരിച്ചവരുടെ ശരാശരി കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 11 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 44 ശതമാനവും വര്‍ദ്ധിച്ചതായി ഷഹപര്‍ പറഞ്ഞു.

ആഗോളതലത്തില്‍ കൊവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. കൊവിഡ് രോഗബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ഇതൊനൊടകം മരണപ്പെട്ടത് 615,000 പേരാണ്. ജനുവരിയില്‍ ജോ ബൈഡന്‍ സ്ഥാനമേറ്റതോടെ ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

വാക്സിന്‍ നല്‍കുന്നത് വര്‍ധിച്ചതോടെ അമേരിക്കയില്‍ ഉടന്‍ സാധാരണ ജീവിതം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യം വന്നതോടെ വീണ്ടും പഴയ നിലയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി കൊവിഡ് ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

 

 

Top