വെള്ളബോട്ടിലെ പതിനഞ്ചു പേര്‍ മത്സ്യത്തൊഴിലാളികള്‍; ഐ.എസ് ഭീതിക്ക് നേരിയ ശമനം

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഐ.എസ്. തീവ്രവാദികള്‍ കടല്‍ മാര്‍ഗം കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി കേരളാ തീരവും പൊലീസും അതീവ ജാഗ്രതയിലാണ്.

എന്നാല്‍ വെള്ളബോട്ടില്‍ പതിനഞ്ചു പേര്‍ കേരള തീരം ലക്ഷ്യമാക്കി വരുന്നുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് അനുസരിച്ച് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടാണ്. ഇവര്‍ മീന്‍പിടിക്കുന്നതിനായി ആഴക്കടലിലെത്തിയപ്പോള്‍ എന്‍ജിന്‍ നിശ്ചലമായതിനെത്തുടര്‍ന്ന് കടലില്‍ അലയുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധനയില്‍ ഇത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബോട്ടാണെന്ന് സ്ഥിരീകരിച്ചു.

തിങ്കളാഴ്ചയാണ് ചാവക്കാട് മുനക്കകടവ് ആഴക്കടലില്‍ ഇവര്‍ സഞ്ചരിച്ച മീന്‍പിടിത്ത ബോട്ട് ലക്ഷ്യംതെറ്റി കടലിലയുന്നത് കണ്ടത്. രണ്ടുദിവസം മുമ്പാണ് പതിനഞ്ചോളം ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ ലക്ഷ്യമിട്ട് വെള്ളനിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചത്. ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോരസമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടലിലും കരയിലും പൊന്നാനി ചാവക്കാട് മേഖലയിലെ കോസ്റ്റല്‍ പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു. പുതിയ വിവരം പുറത്തു വന്നതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് നേരിയ ശമനമായിട്ടുണ്ട്.

Top