Whistleblower To Hand Over Scorpene Data Disk To Australia: Newspaper

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ഡേറ്റാ ഡിസ്‌ക് ആസ്‌ട്രേലിയന്‍ സര്‍ക്കാറിന് കൈമാറുമെന്ന് ‘ദി ആസ്‌ട്രേലിയന്‍’ ദിനപത്രം.

രേഖകള്‍ അടങ്ങുന്ന ഡിസ്‌ക് തിങ്കളാഴ്ച കൈമാറുമെന്നാണ് ആസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിക്കുന്നത്. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള 22400 പേജുകള്‍ കൈവശമുണ്ടെന്നാണ് പത്രത്തിന്റെ ലേഖകന്‍ കമറണ്‍ സ്റ്റുവര്‍ട്ട് അവകാശപ്പെടുന്നത്.

നിയമവിരുദ്ധമായ ഒന്നും തന്നെ ലേഖകന്‍ ചെയ്യില്ലെന്നും രേഖകള്‍ അടങ്ങിയ ഡിസ്‌ക് സര്‍ക്കാറിന് കൈമാറാനാണ് കമറണ്‍ സ്റ്റുവര്‍ട്ട് തീരുമാനിച്ചിട്ടുള്ളതെന്നും ഇടനിലക്കാര്‍ വഴി സര്‍ക്കാറിന് വിവരമറിയിച്ചതായി ദിനപത്രം വ്യക്തമാക്കുന്നത്.

പുറത്തായ രേഖകളെക്കുറിച്ച് ഇന്ത്യയും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ ‘ദി ആസ്‌ട്രേലിയന്‍’ പത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

‘റെസ്ട്രിക്റ്റഡ്’ വിഭാഗത്തിലുള്ള വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. അന്തര്‍വാഹിനിയുടെ സൗണ്ട് നാവിഗേഷന്‍ സംവിധാനവും ആയുധ പ്രയോഗത്തിന്റെ പ്രഹര പരിധിയും മറ്റും നിശ്ചയിക്കുന്ന ‘ഓപറേഷന്‍ ഇന്‍സ്ട്രക്ഷന്‍ മാനുവലും’ അടങ്ങുന്നതാണ് പുറത്തായ വിവരങ്ങള്‍.

ചോര്‍ന്ന രേഖകളില്‍ പേടിക്കാനൊന്നുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, ശത്രുവിന്റെ പക്കലെത്തിയാല്‍ അപകടമാകുന്ന സുപ്രധാന വിവരങ്ങളടങ്ങിയ രേഖകള്‍ തന്നെയാണ് ചോര്‍ന്നതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ‘ദി ആസ്‌ട്രേലിയന്‍’ പത്രം. അതില്‍ അതീവ പ്രാധാന്യമുള്ളവ പ്രസിദ്ധീകരിക്കുന്നില്ലെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രേഖകളുടെ ചോര്‍ച്ച ഇന്ത്യയില്‍നിന്നല്ലെന്ന് ഏറക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി മുങ്ങിക്കപ്പല്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്ന ഡി.സി.എന്‍.എസിന്റെ ഉദ്യോഗസ്ഥനായിരുന്ന, 2011ല്‍ ഡി.സി.എന്‍.എസില്‍ നിന്ന് പുറത്താക്കപ്പെട്ട ഫ്രഞ്ച് പൗരന്‍ മോഷ്ടിച്ച രേഖകളാണ് പത്രത്തില്‍ വന്നതെന്നാണ് ഫ്രഞ്ച് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.

Top