ബന്ധം മുന്നോട്ട് പോകണമെങ്കില്‍ പാകിസ്ഥാന്‍ ‘ഈ ബിസിനസ്’ നിര്‍ത്തണം; വിദേശകാര്യമന്ത്രി

തീവ്രവാദ വ്യവസായം പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ യഥാര്‍ത്ഥ താല്‍പര്യം പ്രകടിപ്പിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അവരുടെ മണ്ണില്‍ നിന്നുള്ള ഈ വ്യവസായം നിര്‍ത്താന്‍ തയ്യാറായാല്‍ മാത്രമാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടാത്താന്‍ സാധിക്കൂവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പത്രമായ ലെ മോണ്ടിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെയും, ചൈനയുടെയും താല്‍പര്യത്തില്‍ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നയതന്ത്ര ബന്ധം ശൂന്യമാണെന്ന പാക് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നു. ‘പാകിസ്ഥാന്‍ ഒരു സുപ്രധാന ഭീകരവാദ വ്യവസായം തന്നെ ആരംഭിച്ചിരിക്കുന്നു, അവിടെ നിന്നും ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് അക്രമത്തിനായി അയയ്ക്കുന്നു. പാകിസ്ഥാന്‍ പോലും ഇക്കാര്യം നിഷേധിക്കുന്നില്ല. ഇനി പറയൂ, ഭീകരവാദം വഴിയാക്കിയ ഇതുപോലൊരു അയല്‍ക്കാരോട് സംസാരിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?’, ജയശങ്കര്‍ ചോദിച്ചു.

വര്‍ഷങ്ങളായി പാകിസ്ഥാനുമായുള്ള ബന്ധം അവതാളത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സഹകരിക്കുമെന്ന് ഉറപ്പിക്കുന്ന നടപടികളാണ് വേണ്ടത്. ഇന്ത്യയില്‍ ഭീകരവാദത്തിന് തേടുന്ന പല ക്രിമിനലുകളും പാകിസ്ഥാനില്‍ താമസിക്കുന്നു. അവരെ ഞങ്ങള്‍ക്ക് കൈമാറാനാണ് പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്’, വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്ത്യ, ചൈന താല്‍പര്യങ്ങള്‍ സമാനമായതിനാല്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് ലോകത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യും. ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതിനാലാണ് വിദേശ മാധ്യമങ്ങളെ തല്‍ക്കാലം പ്രവേശിപ്പിക്കാത്തത്. ഇത് മുതലാക്കാന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Top