‘ഹിജാബടക്കം ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്പര്യം’: രാഹുല്‍ ഗാന്ധി

ലഖ്നൗ: ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിജാബ് അടക്കം സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെ ബഹുമാനിക്കണമെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കരുതെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുകയായിരുന്നു രാഹുല്‍.

2022 ഫെബ്രുവരിയില്‍ ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ ക്ലാസ്മുറിയില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നു. പിന്നാലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതു പിന്തുടര്‍ന്നു. ഇതിനെത്തുടര്‍ന്ന് അന്നത്തെ ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ കാമ്പസുകളില്‍ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു. പൊതുനിയമത്തിനും തുല്യതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന ഒരു വസ്ത്രവും അനുവദിക്കാനാവില്ലെന്നാണ് അന്ന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പറഞ്ഞത്. ഉത്തരവ് വിവാദമാകുകയും സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

പരീക്ഷാഹാളില്‍ ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. 2022ല്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപിയാണ് കര്‍ണാടകയില്‍ ഹിജാബ് നിരോധനം കൊണ്ടുവന്നത്. ഈ നിരോധനം പിന്‍വലിക്കുമെന്ന് പിന്നീട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിക്കുകയുണ്ടായി.കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ചൂണ്ടികാട്ടി ഒരു വിദ്യാര്‍ത്ഥിനിയാണ് ചോദ്യം ഉയര്‍ത്തിയത്. അന്ന് രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്നായിരുന്നു ചോദ്യം.

Top