കോണ്‍ഗ്രസ്സ് ബന്ധം വേണോ വേണ്ടയോ ; നിര്‍ണായക സി.പി.എം പോളിറ്റ്ബ്യൂറോ ഇന്നു മുതല്‍

cpm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായി ധാരണ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിര്‍ണായക സി.പി.എം പോളിറ്റ്ബ്യൂറോ ശനിയാഴ്ച മുതല്‍.

കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തില്‍ ഐക്യസാധ്യതയുടെ വഴി അടക്കാതെയും എന്നാല്‍, ജനറല്‍ സെക്രട്ടറിയുടെ രേഖ തള്ളിയുമാണ് കഴിഞ്ഞ കേന്ദ്ര കമ്മിറ്റി (സി.സി)രാഷ്ട്രീയ പ്രമേയ രൂപരേഖ ചര്‍ച്ചയില്‍ ധാരണയായത്.

വര്‍ഗീയതക്കെതിരായ സമരത്തിന്റെ മുഖ്യദിശ ബി.ജെ.പിക്ക് എതിരാണെങ്കിലും കോണ്‍ഗ്രസ്സുമായി ധാരണയോ സഖ്യമോ മുന്നണിയോ ഉണ്ടാക്കില്ലെന്ന പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക നിലപാടിന് അനുസരിച്ച് 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാനാണ് പി.ബിയെ കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ്സ് ബന്ധം വേണമോ വേണ്ടയോ എന്നതില്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന അനുകൂല, പ്രതികൂല അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുവേണം കരട് തയാറാക്കാന്‍ എന്നും സി.സി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതോടെ സീതാറാം യെച്ചൂരി ബംഗാള്‍ ഘടക പിന്തുണയോടെ കൊണ്ടുവന്ന രേഖയായിരിക്കില്ല കരട് രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനമെന്നും, പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖയാവും അടിത്തറയെന്നുമാണ് സൂചന.

Top