അധികാരം കിട്ടിയാലും ഇല്ലെങ്കിലും . . ചെന്നിത്തലയുടെ ‘കസേര’ തെറിക്കും !

കോണ്‍ഗ്രസ്സ് രാഷ്ട്രീയം വീണ്ടും കലാപകലുക്ഷിതമാകുന്നു. ഐ ഗ്രൂപ്പിനെ പിളര്‍ത്താന്‍ ‘എ’ വിഭാഗം ഇപ്പോള്‍ നടത്തുന്നത് തന്ത്രപരമായ നീക്കമാണ്.

രമേശ് ചെന്നിത്തലയോടൊപ്പം നില്‍ക്കുന്ന ജനപ്രതിനിധികളെയും നേതാക്കളെയുമാണ് ‘എ’ വിഭാഗം ലക്ഷ്യമിടുന്നത്.

കെ.മുരളീധരനെ ഒപ്പം നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ ഈ കരുനീക്കം.

എം.പിമാരായ അടൂര്‍ പ്രകാശ് ഹൈബി ഈഡന്‍ എന്നിവര്‍ ഐ ഗ്രൂപ്പ് വിടുമെന്നാണ് ‘എ’ വിഭാഗത്തിന്റെ പ്രതീക്ഷ. നിലവില്‍ ഇരുവരും ഉമ്മന്‍ചാണ്ടിയുടെ ഗുഡ് ലിസ്റ്റിലാണുള്ളത്. ഇവര്‍ക്ക് പുറമെ നിരവധി ഐ വിഭാഗം നേതാക്കളിലും അസംതൃപ്തി പ്രകടമാണ്.

ചെന്നിത്തല മുഖ്യമന്ത്രിയാകാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റതാണ് നിലവില്‍ ഐ ഗ്രൂപ്പ് നേരിടുന്ന വലിയ പ്രതിസന്ധി. ഉമ്മന്‍ചാണ്ടിയുടെ അപ്രതീക്ഷിത നീക്കമാണ് ഗ്രൂപ്പിനെ ഉലച്ചിരിക്കുന്നത്.

ചെന്നിത്തലക്ക് മുന്നില്‍ സാധ്യത അടയുന്നതോടെ ഒപ്പമുള്ളവര്‍ തന്നെ ഗ്രൂപ്പ് മാറാനാണ് സാധ്യത. ഇത്തരക്കാരെ ആകര്‍ഷിക്കാനാണ് മുരളീധരനും ഇടപെടല്‍ നടത്തിവരുന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും ഐ ഗ്രൂപ്പില്‍ ഒരു ചെറു ഗ്രൂപ്പുണ്ട്. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കെ.സിയോടാണ് നിലവില്‍ താല്‍പ്പര്യം.

ഹൈക്കമാന്റ് പിന്തുണയോടെ, മുഖ്യമന്ത്രി സ്ഥാനമാണ് വേണുഗോപാലിന്റെയും സ്വപ്നം.

2021-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍, ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാകാമെന്നാണ് അദ്ദേഹം കരുതുന്നത്. ഇതേ ആഗ്രഹം കൊണ്ടു നടക്കുന്ന മറ്റൊരു നേതാവാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ നാക്ക് ‘പിഴച്ചതിനാല്‍’ മുന്നണിയിലും അദ്ദേഹം ഒറ്റപ്പെട്ടിട്ടുണ്ട്. ലീഗടക്കമുള്ള ഘടകകക്ഷികള്‍ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടുകാരാണ്.

മുല്ലപ്പളളിയുടെ നിലപാടില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഒരു പോലെ അതൃപ്തിയുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടം കൊയ്താല്‍ മുല്ലപ്പള്ളിയുടെ കസേരയും തെറിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ചെന്നിത്തലയുടെ നിലയും പരുങ്ങലിലാകും.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ചെന്നിത്തല മാറണമെന്ന ആവശ്യം ആ ഘട്ടത്തിലാണ് ശക്തമാകുക. ഉമ്മന്‍ചാണ്ടിയുടെ പ്രസക്തിയും ഇതോടെ വര്‍ദ്ധിക്കും.

എം.എല്‍.എമാരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണ സ്വന്തം ഗ്രൂപ്പിന് ആധിപത്യം കിട്ടിയതാണ് ചെന്നിത്തലയെ തുണച്ചിരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം എളുപ്പത്തില്‍ കൈക്കലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഇതോടെ, ഉമ്മന്‍ചാണ്ടി ഒഴിഞ്ഞു കൊടുക്കുകയുണ്ടായി.

സരിത നായര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ്, ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍, ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചിരുന്നത്.

എന്നാല്‍ പുതിയ സാഹചര്യം അതല്ല ചെന്നിത്തലക്ക് മൂക്ക് കയറിടാന്‍ സമയമായെന്ന് ഉമ്മന്‍ചാണ്ടിയും തിരിച്ചറിഞ്ഞു കഴിഞ്ഞു. ‘എ’വിഭാഗം നേതാക്കളുടെ സമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ട്.

ചെന്നിത്തലയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എട്ടു നിലയില്‍ പൊട്ടുമെന്നാണ് ഘടകകക്ഷികളും വിലയിരുത്തുന്നത്. ഇക്കാര്യം ഹൈക്കമാന്റിനെ ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചിട്ടുമുണ്ട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശി തരൂരിന്റെ സാധ്യതയേയും ഗ്രൂപ്പ് നേതൃത്വങ്ങള്‍ തളളിക്കളഞ്ഞിട്ടുണ്ട്.

യു.ഡി.എഫിന്റെ ഏക ക്രൗഡ് പുള്ളറായ ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് എ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

പിണറായി – ഉമ്മന്‍ചാണ്ടി പോരാട്ടമാണ് 2021 ല്‍ നടക്കുക എന്ന കാര്യത്തില്‍ ഘടക കക്ഷികള്‍ക്കും തര്‍ക്കമില്ല. ഇടഞ്ഞ് നിന്ന പി.ടി തോമസ് എം.എല്‍.എയെ ഒപ്പം നിര്‍ത്താനും ഉമ്മന്‍ചാണ്ടി നേരിട്ട് ശ്രമിക്കുന്നുണ്ട്.

ഗ്രൂപ്പില്‍ സജീവമല്ലെങ്കിലും പി.ടി ഇപ്പോഴും എ ഗ്രൂപ്പിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. ഉമ്മന്‍ചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹവും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലീം ലീഗിന്റെ ഉറച്ച പിന്തുണയാണ് മുന്നണിയിലെ ഉമ്മന്‍ചാണ്ടിയുടെ കരുത്ത്. കേരള കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയെ തന്നെ പിന്തുണക്കാനാണ് സാധ്യത. കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍, ചെന്നിത്തലയും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അനുകൂല പ്രതികരണം ഇതുവരെയും ലഭിച്ചിട്ടില്ല. മറ്റൊരു ഘടക കക്ഷിയായ ആര്‍.എസ്.പിക്കും ഉമ്മന്‍ചാണ്ടിയോടാണ് താല്‍പ്പര്യം. ഏക എം.എല്‍.എ മാത്രമുളള കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗവും ‘എ’ വിഭാഗത്തിനൊപ്പമാണ്. എം.എല്‍.എമാര്‍ ഇല്ലാത്ത സി.എം.പിയുടെ പിന്തുണയും, ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്.

umman

umman

ഘടകകക്ഷികള്‍ക്കിടയിലുള്ള ഈ മുന്‍തൂക്കമാണ് ഉമ്മന്‍ചാണ്ടിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

ഈ കരുത്ത് കാട്ടി തന്നെയാണ് അദ്ദേഹം ‘ഐ’ ഗ്രൂപ്പില്‍ ആശയകുഴപ്പവും സൃഷ്ടിച്ചിരിക്കുന്നത്.

എന്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന ഉറച്ച നിലപാടും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കുണ്ട്. ഇക്കാര്യം ഗ്രൂപ്പ് നേതാക്കളോടും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പിണറായി സര്‍ക്കാര്‍ മൂലക്ക് ഇരുത്തിയതിനാല്‍, പല്ലു കൊഴിഞ്ഞ അവസ്ഥയിലാണ് നിലവില്‍ സുകുമാരന്‍ നായര്‍. വെളളാപ്പളളിയുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് അദ്ദേഹവും സ്വീകരിച്ച് വരുന്നത്. ‘ഉടക്കിയാല്‍’ തിരിച്ചടി കിട്ടുമെന്ന് ഭയന്നാണ് ഈ മലക്കം മറിച്ചില്‍.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെ വിറപ്പിച്ച് നിര്‍ത്തിയ സമുദായ പ്രമാണിമാരുടെ ഇപ്പോഴത്തെ അവസ്ഥയാണിത്.

മുമ്പ്, രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിയത് തന്നെ സുകുമാരന്‍ നായര്‍ ഭീഷണി മുഴക്കിയിട്ടാണ്.

എന്നാല്‍ ആഭ്യന്തര മന്ത്രി സ്ഥാനം ലഭിച്ചതോടെ, ‘തനിനിറം’ ചെന്നിത്തല പുറത്തെടുക്കുകയായിരുന്നു.

സരിതയുടെ വെളിപ്പെടുത്തലിനു പിന്നിലെ ‘ധൈര്യം’ എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും എ വിഭാഗത്തിന് ചില സംശയങ്ങളൊക്കെയുണ്ട്.

അതു കൊണ്ട് തന്നെ ഇനി അധികാരം ലഭിച്ചാല്‍ ആഭ്യന്തര മന്ത്രി സ്ഥാനം പോലും ചെന്നിത്തലക്ക് കിട്ടാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ ഏതറ്റം വരെ പോകാനും ഉമ്മന്‍ചാണ്ടിയും തയ്യാറായേക്കും.

സോളാര്‍ വിഷയം, കുടുംബത്തില്‍ പോലും അലയൊലി സൃഷ്ടിച്ചതില്‍ മിക്ക നേതാക്കളും രോഷാകുലരാണ്. എന്തിനേറെ ആരോപണ വിധേയരായ ഐ വിഭാഗം എം.പിമാര്‍ക്കു പോലും ഇക്കാര്യത്തില്‍ പകയുണ്ട്.

ഈ ദേഷ്യമെല്ലാം തിരഞ്ഞെടുപ്പില്‍ തീര്‍ക്കാന്‍ ‘എ’ വിഭാഗം ശ്രമിച്ചാല്‍ ഹരിപ്പാട് പോലും ചെന്നിത്തലക്ക് കാലിടറും.

നിയമസഭയില്‍ ചെന്നിത്തലയെ എത്തിക്കാതിരിക്കാനുളള സാധ്യതയും തളളിക്കളയാന്‍ കഴിയുന്നതല്ല.

കാലുവാരല്‍ രാഷ്ട്രീയം വീണ്ടും കോണ്‍ഗ്രസ്സില്‍ സജീവമാകുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ പുതിയ പ്രതികരണം തന്നെ തന്ത്രപരമാണ്. അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്നത് മുഖ്യനാവാനുളള യോഗ്യതയല്ലന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ഈ ഒരൊറ്റ പ്രതികരണത്തോടെ ഐ ഗ്രൂപ്പിനെയാണ് ഉമ്മന്‍ചാണ്ടി ശരിക്കും ഉലച്ചിരിക്കുന്നത്. എ ഗ്രൂപ്പാകട്ടെ വലിയ ഉഷാറിലുമാണ്. നിര്‍വീര്യമായ ഗ്രൂപ്പ് സംവിധാനമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തോടെ ഉഷാറായിരിക്കുന്നത്. അധികാരം കിട്ടിയാലും ഇല്ലെങ്കിലും ചെന്നിത്തലയെ പാഠം പഠിപ്പിക്കണമെന്ന വാശിയിലാണ് എ വിഭാഗം നേതാക്കള്‍.

Express View

Top