ഈ വര്‍ഷത്തെ ഐപിഎല്‍ മണ്‍സൂണിന് ശേഷമോ; സൂചന നല്‍കി ബിസിസിഐ

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ രാജ്യത്തെ മണ്‍സൂണ്‍ കാലത്തിനുശേഷം നടത്തുമെന്ന് ബിസിസിഐ സൂചന നല്‍കിയതായി വിവരം. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബറിലും നവംബറിലുമായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തില്‍ ഐസിസി ബോര്‍ഡ് യോഗം ഈ മാസം 27ന് തീരുമാനമെടുത്തശേഷമാകും ഐപിഎല്‍ എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക.

ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മാസങ്ങളില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ പങ്കെടുക്കുന്നു എന്നതാണ് ഐപിഎല്ലിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് രാഹുല്‍ ജോഹ്‌റി പറഞ്ഞു.

ഈ സാഹചര്യത്തില്‍ വിദേശതാരങ്ങളില്ലാതെ ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലില്ല. സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുകയാണെങ്കില്‍ പടിപടിയായി മത്സരം നടത്തുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുമെന്നും രാഹുല്‍ ജോഹ്‌റി വ്യക്തമാക്കി.

Top