എവിടെയാണെങ്കിലും രക്ഷിക്കാന്‍ സര്‍ക്കാറുണ്ടാകും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമ

ന്യൂഡല്‍ഹി:ട്വിറ്ററില്‍ ചിരി പടര്‍ത്തി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. താന്‍ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിനു മറുപടിയാണ് സുഷമാ സ്വരാജ് രസകരമാക്കിയിരിക്കുന്നത്.

വിദേശകാര്യമന്ത്രിയോട് കഴിഞ്ഞ ദിവസമാണ് കരണ്‍ സയ്‌നിയെന്നയാള്‍ തമാശ രൂപേണ ട്വിറ്ററിലൂടെ ‘ഞാന്‍ ചൊവ്വയില്‍ കുടുങ്ങിയിരിക്കുകയാണ്. മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണ സാധനങ്ങളൊക്കെ തീരാറായി. എപ്പോഴാണ് ഐ.എസ്.ആര്‍.ഒ മംഗള്‍യാന്‍ രണ്ട് ബഹിരാകാശത്തേക്ക് അയക്കുന്നത്.’ എന്നും ചോദിച്ചത്.

ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശ രാജ്യങ്ങളല്ല ചൊവ്വാ ഗ്രഹത്തിലാണ് കുടുങ്ങിയതെങ്കില്‍ പോലും നിങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അവിടെയുമെത്തുമെന്നു പറഞ്ഞ സുഷമയുടെ മറുപടിക്ക് ട്വിറ്ററില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

ട്വിറ്ററില്‍ സജീവമായ സുഷമസ്വരാജിന് പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇപ്പോള്‍ തന്നെയുള്ളത്.

Top