എതിരാളികൾ വിജയം ഉറപ്പിച്ചടത്ത്, കെ.രാജൻ നേടിയത് അട്ടിമറി ജയം ! !

ല്ലൂർ മണ്ഡലത്തിന്റെ ചരിത്രം കൂടിയാണ് കെ.രാജനിലൂടെ ഇടതുപക്ഷം ഇപ്പോൾ തിരുത്തിയിരിക്കുന്നത്. തുടർച്ചയായി രണ്ടു തവണ ആരെയും വാഴിച്ച ചരിത്രം ഒല്ലൂരിനില്ല. ആ ചരിത്രമാണ് കെ.രാജൻ എന്ന യുവ നേതാവ് തിരുത്തിയിരിക്കുന്നത്. 21,506 വോട്ടിന്റെ തിളക്കമാർന്ന ഭൂരിപക്ഷത്തിനാണ് ഒല്ലൂർ മണ്ഡലത്തിൽ ഇടതുപക്ഷം വിജയക്കൊടി പാറിച്ചിരിക്കുന്നത്. ഈ വിജയം മാധ്യമ പ്രചരണത്തിനുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മനോരമ ന്യൂസ് പുറത്തുവിട്ട അഭിപ്രായ സർവേയിൽ രാജന്റെ പരാജയമാണ് പ്രവചിച്ചിരുന്നത്. ഈ സർവേ റിപ്പോർട്ട് മുൻ നിർത്തി വലിയ പ്രചരണം യു.ഡി.എഫ് കേന്ദ്രങ്ങളും നടത്തുകയുണ്ടായി. മനോരമയെ പോലുള്ള വലിയ ഒരു മാധ്യമം പുറത്തുവിട്ട സർവേ ഫലം ജനങ്ങളെ സ്വാധീനിക്കുമെന്നായിരുന്നു യു.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടിയിരുന്നത്.

എന്നാൽ ഈ തട്ടിക്കൂട്ട് സർവേകൾക്ക് ഒല്ലൂർ ജനത തന്നെ ചുട്ട മറുപടിയാണ് നൽകിയിരിക്കുന്നത്.
കോൺഗ്രസ്സിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന ഒല്ലൂർ പിടിച്ചെടുക്കാൻ 2016 ലാണ് കെ.രാജനെ സി.പി.ഐ നേതൃത്വം നിയോഗിച്ചിരുന്നത്. പാർട്ടിയും മുന്നണിയും തന്നിൽ ഏൽപ്പിച്ച ദൗത്യം ഭംഗിയായി അദ്ദേഹം നിറവേറ്റുകയുമുണ്ടായി.എന്നാൽ രണ്ടാം തവണ ഒല്ലൂരിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ വലിയ വെല്ലുവിളികളാണ് രാജന് നേരിടേണ്ടി വന്നിരുന്നത്. കോൺഗ്രസ്സ് ജില്ലയിൽ ആദ്യം ജയിക്കുന്ന മണ്ഡലമായി പ്രഖ്യാപിച്ചതും ഒല്ലൂരായിരുന്നു. മണ്ഡലത്തിന്റെ മാറിമറിയുന്ന സ്വഭാവം മാത്രമല്ല ജോസ് വളളൂർ എന്ന ശക്തനായ സ്ഥാനാർത്ഥിയുടെ സാന്നിധ്യവും കോൺഗ്രസ്സിൻ്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്ന ഘടകമായിരുന്നു.

മനോരമ ന്യൂസ് സർവേ റിപ്പോർട്ട് പുറത്ത് വിടുക കൂടി ചെയ്തതോടെ നൂറ് ശതമാനവും യു.ഡി.എഫ് നേതൃത്വം വിജയം ഉറപ്പിക്കുകയുണ്ടായി. എന്നാൽ യു.ഡി.എഫ് നേതൃത്വത്തെയാകെ ഞെട്ടിച്ചു കൊണ്ട് 21, 506 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷം നേടിയാണ് കെ.രാജൻ ജോസ് വള്ളൂരിനെ മലർത്തിയടിച്ചിരിക്കുന്നത്. തിളക്കമാർന്ന ഈ വിജയത്തിന് രാജനെ സഹായിച്ചത് മണ്ഡലത്തിലുടനീളം നടത്തിയ വികസനപ്രവര്‍ത്തനങ്ങളും മലയോര മേഖലയില്‍ കൂടുതല്‍ പട്ടയം വിതരണം ചെയ്യാന്‍ കഴിഞ്ഞതും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളും റോഡുകളുടെ നിലവാരമുയര്‍ത്തിയതുമാണ്. സി.പി.എം – സി.പി.ഐ പ്രവർത്തകരുടെ കഠിനമായ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്.

ഭൂരിപക്ഷം വർദ്ധിപ്പിക്കണമെന്ന ഒറ്റ വാശിയിലാണ് ഇടതുപക്ഷ പ്രവർത്തകർ മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നത്. അവരെ സംബന്ധിച്ച് കെ. രാജൻ ഒരു വികാരമാണ്. വിദ്യാർത്ഥി – യുവജന സംഘടനാ രംഗത്ത് പ്രവർത്തിക്കുമ്പോൾ നിരവധി തവണ ക്രൂര മർദ്ധനത്തിന് വിധേയനായ ഈ വിപ്ലവകാരി സമരമുഖത്തെ നിത്യ സാന്നിധ്യമായിരുന്നു.

2016ലെ തിരഞ്ഞെടുപ്പില്‍ രാജന്റെ ഭൂരിപക്ഷം 13,248 വോട്ടായിരുന്നു. അന്ന് 71,666 വോട്ടാണ് ആകെ നേടിയിരുന്നത്. കോണ്‍ഗ്രസിന്റെ എം.പി. വിന്‍സന്റ് 58,418 വോട്ടും ബിഡിജെഎസിന്റെ പി.കെ സന്തോഷ് 17,694 വോട്ടും നേടുകയുണ്ടായി. ഇത്തവണ ബിഡിജെഎസില്‍നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപി സംസ്ഥാന വക്താവായ ബി.ഗോപാലകൃഷ്ണനെ രംഗത്തിറക്കി ഞെട്ടിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഫലം വന്നപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയിരിക്കുന്നതിപ്പോൾബി.ജെ.പിയും കോൺഗ്രസ്സും മാത്രമല്ല മനോരമയും കൂടിയാണ്.

Top