ദുരന്തമുഖത്ത് പറഞ്ഞ വാക്ക് എവിടെ ? ലീഗിനും അപമാനമായി ഒരു എം.പി

നുഷ്യത്വംകൊണ്ടാണ് മലപ്പുറം ലോകത്തിന് മാതൃകയാവുന്നത്. കരിപ്പൂരില്‍ വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ കോവിഡ് പടരുമെന്ന പേടികാണിക്കാതെ സ്വന്തം ജീവന്‍പോലും മറന്ന് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മനുഷ്യത്വത്തിന്റെ മാതൃകയാണ് മലപ്പുറത്തുകാര്‍ ഉയര്‍ത്തിപ്പിടിച്ചത്. ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇവിടുത്തുകാര്‍ ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഈ ഉദാത്ത മാതൃകയില്‍ അഭിമാനം കൊള്ളുമ്പോഴും കൈയ്യടി നേടാനും നന്‍മമരമാകാനും പ്രഖ്യാപനം നടത്തി ഒടുവില്‍ അതു വിഴുങ്ങുന്ന ഒരു ജനപ്രതിനിധി ഇപ്പോള്‍ മലപ്പുറത്തിന് അപമാനമാകുകയാണ്. മുസ്ലീം ലീഗ് രാജ്യസഭാംഗം പി.വി അബ്ദുള്‍ വഹാബാണ് സ്വന്തം അനുയായികളുടെ പോലും പരിഹാസം ഏറ്റുവാങ്ങുന്നത്.

തന്റെ സ്‌കൂളുകള്‍ പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യത്തിനായി വിട്ടുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ കൂടിയായ അബ്ദുല്‍വഹാബാണ്. മികച്ച ഹോസ്റ്റല്‍ സൗകര്യമുള്ള നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂള്‍, പീവീസ് മോഡല്‍ സ്‌കൂള്‍ എന്നിവക്ക് പുറമെ നിലമ്പൂരിനടുത്ത് ചാലിയാര്‍ പഞ്ചായത്തിലെ അമല്‍ സ്‌കൂളും ക്വാറന്റീന്‍ സൗകര്യത്തിനായി വിട്ടു നല്‍കാനുള്ള അനുമതി വഹാബ് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയും ചെയ്തിരുന്നു.

പിണറായി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറയുകയും വഹാബിന് നന്ദിപറയുകയും ചെയ്തിരുന്നു. ഇതോടെ കരുണയുള്ള നേതാവായാണ് വഹാബ് വാഴ്ത്തപ്പെട്ടിരുന്നത്. അദ്ദേഹത്തെ നന്‍മമരമായി ലീഗ് പ്രവര്‍ത്തകരും ചിത്രീകരിക്കുകയുണ്ടായി.എന്നാല്‍ ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനം ശക്തമാവുകയും തിരുവനന്തപുരം കഴിഞ്ഞാല്‍ കോവിഡ് വ്യാപനം രൂക്ഷമായ രണ്ടാമത്തെ ജില്ലയായി മാറിയിരിക്കുകയുമാണ്. എന്നിട്ടും കോവിഡ് ആവശ്യത്തിന് തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടു നല്‍കാമെന്ന വാക്ക് പാലിക്കാന്‍ ഇതുവരെ അബ്ദുല്‍വഹാബ് എം.പി തയ്യാറായിട്ടില്ല.

നിലമ്പൂരടക്കം കണ്ടെയിന്‍മെന്റ് സോണായി മാറിയ സാഹചര്യമുണ്ടായിട്ടു പോലും ഈ എം.പി അനങ്ങിയിട്ടില്ല. നിലമ്പൂര്‍ നഗരസഭ അധികൃതര്‍ വഹാബിന്റെ സ്‌കൂളുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുപോലും വഹാബ് കണ്ടഭാവം നടിച്ചിട്ടില്ല. ഈ വാക്ക് മാറ്റം കണ്ട് ലീഗ് പ്രവര്‍ത്തകര്‍ പോലും പകച്ച് നില്‍ക്കുകയാണ്. അതേസമയം, നിലമ്പൂരിലെ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം അടക്കമുള്ള സ്‌കൂളുകളിലെ ക്ലാസ് മുറികള്‍പോലും കോവിഡ് കോറന്റൈന്‍ സൗകര്യത്തിനായി അണുവിമുക്തമാക്കി ഇതിനകം തന്നെ നഗരസഭക്ക് വിട്ടു നല്‍കി കഴിഞ്ഞിട്ടുണ്ട്.

നിലമ്പൂര്‍ മലയോര മേഖലയില്‍ കോവിഡ് സാമൂഹിക വ്യാപനം ശക്തമായതോടെ നിലമ്പൂര്‍ വെളിയംതോടുള്ള ഗവണ്‍മെന്റ് ഐ.ടി.ഐയിലാണ് 300 കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയിലും കരിപ്പൂരിലെ ഹജ്ജ് ഹൗസിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ പോലും ആരോഗ്യവകുപ്പ് ഇടപെട്ട് കോവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്.

കോവിഡ് മാഹാമാരി പടരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന നിലപാടാണ് മലപ്പുറത്തെ മുസ്ലിം ലീഗ് നേതൃത്വവും സ്വീകരിച്ചിരുന്നത്. യൂത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ ഭാഷാസമര സ്മാരകം പോലും മലപ്പുറം നഗരസഭക്ക് ഇതിനായി വിട്ടു നല്‍കിയിരുന്നു.എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ ട്രഷററായ രാജ്യസഭ എം.പി വാക്കുപാലിക്കാത്തത് ലീഗ് നേതൃത്വത്തെയാകെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. അണികളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതൃത്വങ്ങള്‍ കുഴങ്ങിയിരിക്കുകയാണ്. വ്യവസായിയെ പിടിച്ച് എം.പിയാക്കിയാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നാണ് യൂത്ത് നേതൃത്വവും തുറന്നടിക്കുന്നത്.ലീഗ് നേതൃത്വത്തോടാണ് യുവ നേതാക്കളുടെ രോഷം മുഴുവന്‍.

കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ നിലമ്പൂര്‍ മുങ്ങിപ്പോള്‍ സ്വകാര്യ സ്‌കൂളുകളും പള്ളികളും വരെ ദുരിതാശ്വാസ ക്യാമ്പുകളായി മാറിയ സാഹചര്യമാണ് ഉണ്ടായിരുന്നത്. അന്നുപോലും വഹാബിന്റെ സ്‌കൂളുകള്‍ ദുരിതബാധിതരെ താമസിപ്പിക്കാന്‍ വിട്ടു നല്‍കിയിരുന്നില്ല. പ്രളയദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി ഇടതുസര്‍ക്കാരിനെ പ്രശംസിച്ചതില്‍ പോലും വഹാബിന് ഹിഡന്‍ അജണ്ടയാണുണ്ടായിരുന്നത്.

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിലാണ്, ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുല്‍വഹാബ് ഇടത് അനുകൂല നിലപാടെടുത്തിരുന്നത്. പ്രതിപക്ഷമെന്ന നിലയക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു. വേദിയിലുണ്ടായിരുന്ന മന്ത്രി കെ.ടി ജലീല്‍, പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ളവരെ സാക്ഷി നിര്‍ത്തിയായിരുന്നു ഈ ആക്ഷേപം. ‘ലോട്ടറിടിക്കറ്റ് അടിച്ചാല്‍ പണം എപ്പോഴെങ്കിലുമാണ് കിട്ടുക’. എന്നാല്‍ ഇപ്പോള്‍, പ്രളയദുരിതാശ്വാസത്തിനുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടിലിട്ടുകഴിഞ്ഞെന്നും അതിന്റെ പ്രൊസീഡിങ്സ് നടക്കുകയുമാണെന്നുമാണ് വഹാബ് പ്രസംഗിച്ചിരുന്നത്. തന്ത്രശാലിയായ ഒരു ബിസിനസ്സുകാരന്റെ നിലപാടാണ് ആ വാക്കുകളില്‍ തെളിഞ്ഞിരുന്നത്. ഈ സ്തുതിയിലെ ‘താല്‍പ്പര്യം’ സി.പി.എം അണികള്‍ക്ക് അപ്പോള്‍ തന്നെ പിടികിട്ടിയിരുന്നു. പക്ഷേ വെട്ടിലായി പോയത് ലീഗ് നേതൃത്വമാണ്.

വഹാബിന്റെ പ്രസംഗം സംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലിശിഹാബ് തങ്ങളോട് കെ.പി.എ മജീദ് തന്നെ തന്റെ അതൃപ്തിയും വേദനയും നേരിട്ട് അറിയിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ലീഗ് നേതൃത്വം വഹാബിന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് വഹാബ് ക്ഷമാപണവും നടത്തി. വഹാബിനെ തള്ളിയ ലീഗ് നേതൃത്വം പിന്നീട് കവളപ്പാറ പുനരധിവാസം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് ലോങ് മാര്‍ച്ചും നടത്തുകയുണ്ടായി.

നേരത്തെ രാജ്യസഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനും ലീഗ് നേതൃത്വം വഹാബിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് അന്ന് വഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീന്‍ അലി ശിഹാബ് തങ്ങളുടെ വിമര്‍ശനം യൂത്ത് ലീഗും പിന്നാലെ ഏറ്റെടുക്കുകയുണ്ടായി. ഇതോടെ ലീഗ് നേതൃത്വം വഹാബിനോട് വിശദീകരണം തേടാന്‍ അന്നും നിര്‍ബന്ധിതമായി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് മുത്തലാഖ് ചര്‍ച്ചാസമയത്ത് ഹാജരാകാന്‍ കഴിയാതിരുന്നതെന്ന വഹാബിന്റെ വിശദീകരണത്തോടെ ലീഗ് വിവാദം അവസാനിപ്പിക്കുകയും ചെയ്തു.

മികച്ച പാര്‍ലമെന്റേറിയനായ ജി.എം ബനാത്ത്വാലക്ക് സീറ്റ് നിഷേധിച്ചാണ് പി.വി അബ്ദുല്‍വഹാബിന് 2004ല്‍ ലീഗ് രാജ്യസഭാ സീറ്റ് നല്‍കിയിരുന്നത്. ഈ സംഭവം ലീഗില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. ലീഗ് പണക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു എന്ന വികാരമാണ് അണികള്‍ക്കിടയിലും പടര്‍ന്നിരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരവും അലയടിച്ചതോടെയാണ് നിയമസഭയില്‍ കേവലം ഏഴു സീറ്റെന്ന നാണംകെട്ട പരാജയത്തിലേക്ക് ലീഗ് കൂപ്പുകുത്തിയിരുന്നത്. കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീറും മങ്കടയില്‍ എം.കെ മുനീറും വരെ ദയനീയമായാണ് പരാജയപ്പെട്ടത്.

2015ല്‍ വഹാബിന് രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെയും ലീഗില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. കെ.പി.എ മജീദിനെയാണ് അന്ന് പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. സേവനപാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്‍കേണ്ട പദവി മുതലാളിക്ക് നല്‍കരുതെന്ന പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റും അക്കാലത്ത് വിവാദമായിരുന്നു. എന്നാല്‍ ഈ എതിര്‍പ്പും സമര്‍ത്ഥമായി വഹാബ് മറികടക്കുകയുണ്ടായി. രാജ്യസഭാ സീറ്റു നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി ഉയര്‍ന്നതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് ലീഗ് വഹാബിന് നല്‍കാന്‍ നിര്‍ബന്ധിതമായി. വഹാബ് എന്ന വന്‍ കോടീശ്വരനെ കൈവിടാന്‍ ലീഗിലെ ഉന്നതര്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്ലിം ലീഗ് ദേശീയ ട്രഷററും രാജ്യസഭാ എം.പിയുമാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവുമായും ഏറെ അടുപ്പമുള്ള നേതാവാണ് വഹാബ് . സി.പി.എം പാര്‍ട്ടി ചാനലായ കൈരളി ആരംഭിക്കുമ്പോള്‍ അതിന്റെ ഡയറക്ടറായും ഗള്‍ഫില്‍ ഷെയര്‍പിരിക്കാനും മുന്നിലായിരുന്നു വഹാബ്. പരാതി ഉയര്‍ന്നതോടെ ലീഗ് നേതൃത്വം ഇടപെട്ടപ്പോഴാണ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമനവിവാദത്തില്‍ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തിയപ്പോഴും ജലീലിനെ ബഹിഷ്‌കരിക്കാന്‍ ലീഗ് തീരുമാനിച്ചപ്പോഴും വഹാബ് അതില്‍ നിന്നും വിട്ടുനിന്നിരുന്നു. ബഹിഷ്‌ക്കരണം തള്ളി ജലീലിനൊപ്പം വഹാബ് വേദി പങ്കിടുകയും ചെയ്തു. ഇത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

വഹാബിന്റെ തട്ടകമായി നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എയുമായും സമാനനിലപാടായിരുന്നു വഹാബിന്. അന്‍വറിനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം അന്‍വറുമായി വേദിപങ്കിട്ട് വഹാബ് പൊളിച്ചിരുന്നു. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പി.വി അന്‍വര്‍ മത്സരിച്ചപ്പോഴും പ്രചരണരംഗത്ത് വഹാബ് സജീവ സാന്നിധ്യമായിരുന്നില്ല.

കവലപ്പാറയിലെ ഉരുള്‍പൊട്ടലില്‍ 59 പേര്‍ മരണപ്പെട്ടപ്പോള്‍ പുനരധിവാസത്തിനായി പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച് റീബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് വഹാബ്. എം.എല്‍.എയുടെ ജോയിന്റ് അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ പിരിച്ചെടുത്തെങ്കിലും പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഒരു രൂപയുടെ സഹായം പോലും ആര്‍ക്കും വിതരണം ചെയ്തിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. ഒടുവില്‍ പുനരധിവാസം വേഗത്തിലാക്കാന്‍ കവളപ്പാറ ദുരന്തബാധിതര്‍ ഹൈക്കോടതിയെ സമീപിക്കേണ്ട ദുരവസ്ഥയുമുണ്ടായി.

മുന്നണി മറന്ന് നിലമ്പൂരില്‍ വഹാബും അന്‍വറും തമ്മിലുള്ള കൂട്ടുകെട്ടിലുള്ള അതൃപ്തി കോണ്‍ഗ്രസ് നേതൃത്വവും ലീഗിനെ അറിയിച്ചിട്ടുണ്ട്. മുന്നണികള്‍ പേലും മറന്ന് സൗഹൃദവും രാഷ്ട്രീയ ബന്ധവുമെല്ലാം സൂക്ഷിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും പി.വി അബ്ദുല്‍വഹാബ് എം.പിക്കുണ്ട്. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ സമരം നടത്താനും താനൊരു പ്രവാസിയാണെന്നു പറഞ്ഞ് പ്രവാസികള്‍ക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വാദിക്കാനുള്ള എല്ലാ അവകാശവും അബ്ദുല്‍വഹാബ് എം.പിക്കുണ്ട്. പക്ഷേ പറഞ്ഞ വാക്ക് പാലിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം മാത്രം മറക്കരുത്.

നാടാകെ കോവിഡ് ഭീതിയില്‍ ആശങ്കപ്പെടുമ്പോള്‍ കോവിഡ് ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്കായി തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടു നല്‍കാമെന്ന വാക്ക് പാലിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാട്ടണം. അല്ലെങ്കില്‍ ലീഗ് നേതൃത്വം ഇടപെട്ട് വഹാബിനെ തിരുത്തണം. സര്‍ക്കാര്‍ ദുരന്തനിവാരണ നിയമപ്രകാരം വഹാബിന്റെ സ്‌കൂളുകള്‍ കോവിഡ് പ്രതിരോധ ആവശ്യത്തിനായി പിടിച്ചെടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. പ്രവാസി ബിസിനസുകാരനായിരുന്നു താനെന്ന് നാഴികക്ക് നാല്‍പതുവട്ടം പറയുന്ന അബ്ദുല്‍വഹാബ് സാറേ, പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാന്‍ തന്റെ സ്ഥാപനങ്ങള്‍ വിട്ടു നല്‍കുമെന്ന പ്രഖ്യാപനം പോലും പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ദയവായി ഇനി പ്രവാസികളെക്കുറിച്ച് മുതലകണ്ണീരൊഴുക്കരുത്.

Top