ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒച്ചിന്റെ വേഗത; എന്നുതീരും നിര്‍മ്മലയുടെ ദുഃഖം?

ജറ്റ് അവതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ചില പച്ചത്തുരുത്തുകള്‍ കണ്ടുവരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മെല്ലെപ്പോക്കിന് അവസാനമാകുന്നുവെന്ന് സൂചന നല്‍കുന്നതായിരുന്നു ഈ വാക്കുകള്‍. എന്നാല്‍ ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് മറ്റൊരു രീതിക്കാണ് ചിന്തിക്കുന്നത്.

2020, 2021 വര്‍ഷങ്ങളിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാശതമാനം പുതുക്കിയ മൂഡീസ് വളര്‍ച്ച കുറയുമെന്ന സൂചനയാണ് പ്രവചിക്കുന്നത്. 2019 നവംബറില്‍ 6.6 ശതമാനം വളര്‍ച്ച പ്രവചിച്ചത് ഒരു ശതമാനത്തോളം കുറച്ച് 5.4 ശതമാനമായാണ് മൂഡീസ് പുതുക്കിയത്. 2021ലേത് 6.7 ശതമാനത്തില്‍ നിന്നും 5.8 ശതമാനമായും കുറച്ചു.

2019ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5 ശതമാനം വളര്‍ന്നതായാണ് മൂഡീസ് കണക്കാക്കുന്നത്. 2019-20 വര്‍ഷത്തില്‍ നിര്‍മ്മല സീതാരാമനും ഇതേ കണക്കാണ് കൂട്ടിക്കിഴിച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ 2019 ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ ഇത് 4.5 ശതമാനത്തിലാണെന്നത് സര്‍ക്കാരിന് തലവേദനയായി മാറുകയാണ്. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇക്കണോമിക് സര്‍വ്വെ 2020-21 വര്‍ഷത്തെ വളര്‍ച്ച 6 മുതല്‍ 6.5 ശതമാനം വരെ എന്ന് കണക്കൂകൂട്ടിയ ഇടത്താണ് മൂഡീസിന്റെ പ്രവചനം ഇതിലും താഴ്ന്ന നിലയിലായത്. ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് സുപ്രധാന നിരക്കുകള്‍ കുറയ്ക്കുന്നതിലാണ് ഇനി പ്രതീക്ഷ ബാക്കിയുള്ളത്. പണപ്പെരുപ്പത്തിന്റെ തോത് അനുസരിച്ചാകും റിപ്പോ നിരക്കില്‍ ഇനിയൊരു കുറവ് വരിക.

മൂഡീസിന്റെ പ്രവചനത്തില്‍ ചൈനയുടെ ജിഡിപിയും കുറഞ്ഞത് മാത്രമാണ് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നത്. 2024-25 വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 5 ട്രില്ല്യണിലേക്ക് വളര്‍ത്താന്‍ ഇതൊന്നും പര്യാപ്തമല്ലെന്നതാണ് വാസ്തവം.

Top