അവസരം വന്നപ്പോള്‍ ‘അവസരവാദി’ സര്‍ക്കാറിനെതിരെ ഒടുവില്‍ അവരും ! !

ടതുപക്ഷ ഭരണകാലത്ത് മാളത്തില്‍ ഒളിച്ചിരുന്ന സമുദായ നേതാക്കളാണിപ്പോള്‍ പതുക്കെ തലപൊക്കി തുടങ്ങിയിരിക്കുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് അദ്ദേഹം പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ‘ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും’ സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന് വോട്ട് ചെയ്യാനുള്ള പരോക്ഷമായ ആഹ്വാനമാണിത്. എന്‍.എസ്.എസ് നേതൃത്വം തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടാണ് സുകുമാരന്‍ നായരുടെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വിറപ്പിച്ച് കാര്യങ്ങള്‍ നേടിയ സമുദായ നേതാവാണ് സുകുമാരന്‍ നായര്‍. എന്തിനേറെ ഉന്നത കോണ്‍ഗ്രസ്സ് നേതാവായ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കുന്നതിന് പോലും സുകുമാരന്‍ നായര്‍ ശബ്ദമുയര്‍ത്തേണ്ടി വന്നിരുന്നു. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാമെന്ന മുന്‍ധാരണ അട്ടിമറിച്ചതാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചിരുന്നത്. ഭൂരിപക്ഷ സമൂഹത്തിന്റെ പ്രതിനിധിയായി ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചിരുന്നത്. രാഷ്ട്രീയ കേരളത്തെ അമ്പരിപ്പിച്ച പ്രതികരണമായിരുന്നു അത്. ഇതിന് ശേഷമാണ് ആഭ്യന്തര വകുപ്പോടെ മന്ത്രിസഭയുടെ ‘താക്കോല്‍’ സ്ഥാനത്ത് രമേശ് ചെന്നിത്തലയെ പ്രതിഷ്ഠിച്ചിരുന്നത്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സമുദായ സംഘടനാ നേതാക്കള്‍ക്ക് കിട്ടിയ പരിഗണന ഒരിക്കലും പിണറായി ഭരണത്തില്‍ ഇവര്‍ക്കാര്‍ക്കും തന്നെ കിട്ടിയിട്ടില്ല. പകരം ഈ സമുദായങ്ങളിലെ സാധാരണക്കാര്‍ക്കാണ് ഗുണമുണ്ടായിരിക്കുന്നത്. ജാതി – മത പരിഗണനകള്‍ക്കതീതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇത് വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യവുമാണ്. സുകുമാരന്‍ നായര്‍ പ്രതിനിധീകരിക്കുന്ന മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം നല്‍കിയതും പിണറായി സര്‍ക്കാറാണ്. ഇത് പോലും കണക്കിലെടുക്കാതെയാണ് മാമാ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങള്‍ക്ക് പിന്നാലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ കൂടിയിരിക്കുന്നത്. ഇതൊന്നും സമുദായ താല്‍പ്പര്യമല്ല വ്യക്തി താല്‍പ്പര്യം മാത്രമാണ്. ഇടത് ഭരണകാലത്ത് ആളാകാന്‍ കഴിയാത്തതിലുള്ള അരിശമാണ് സുകുമാരന്‍ നായര്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

യു.ഡി.എഫ് നേതൃത്വത്തെ പോലെ ഒരു സമുദായ നേതാവുമായും കരാര്‍ ഒപ്പിട്ടല്ല ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടാറുള്ളത്. അവര്‍ മുന്നോട്ട് വയ്ക്കുന്നത് പ്രകടന പത്രികയാണ്. നടപ്പാക്കുമെന്ന് ഉറപ്പുള്ള പത്രികയാണത്. പിണറായി അധികാരത്തില്‍ വന്നതും ഈ പ്രകടനപത്രിക മുന്‍ നിര്‍ത്തി തന്നെയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ 95 ശതമാനം പദ്ധതികളും ഇതിനകം തന്നെ നടപ്പാക്കി കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് അവശേഷിക്കുന്നവ കൂടി നടപ്പാക്കുമെന്നാണ് സര്‍ക്കാറിപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ജനക്ഷേമ പദ്ധതികളിലെ നേട്ടം ഇടതുപക്ഷത്തിന് കിട്ടാതിരിക്കാനാണ് വിവാദങ്ങളെ പ്രതിപക്ഷം ആയുധമാക്കുന്നത്. വ്യക്തികള്‍ക്ക് എന്ന പോലെ പ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാറുകള്‍ക്കും തെറ്റുകള്‍ പറ്റും. അത് സ്വാഭാവികമാണ്. അതിന് ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തി കൊണ്ടു വരേണ്ടത്.

എന്നാല്‍ ഇവിടെ നടക്കുന്നത് ഏകപക്ഷീയമായ കടന്നാക്രമണങ്ങളാണ്. പ്രതിപക്ഷത്തിന്റെ നാവില്‍ വിഷം പുരുട്ടുന്നതാകട്ടെ കുത്തക മാധ്യമങ്ങളുമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുമ്പോഴും സര്‍ക്കാറിനെതിരായ പ്രചരണങ്ങള്‍ ശക്തമായി തുടരുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. വോട്ട് ചെയ്യാന്‍ വീട് വിട്ടിറങ്ങുന്ന അവസാനത്തെയാളും ചാനലുകളിലെ അപവാദം കാണണമെന്ന അജണ്ടയാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയും സുരേന്ദ്രനും പത്രസമ്മേളനങ്ങള്‍ നടത്തിയ സമയത്തില്‍ പോലും സാമ്യതകള്‍ ഏറെയാണ്. രണ്ടു പേരും പറഞ്ഞതും ഒരേ കാര്യങ്ങള്‍ തന്നെയാണ്. കേന്ദ്ര ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് കണ്ണിലെ കരടാണെങ്കില്‍ ചെന്നിത്തലക്കത് ‘കണ്ണിലെ കൃഷ്ണമണി’യാണ്. വിവരങ്ങള്‍ കൈമാറുന്നതില്‍ കൊടുക്കല്‍ വാങ്ങല്‍ ഏര്‍പ്പാടുകളാണ് ബി.ജെപിയും യു.ഡി.എഫ് നേതാക്കളും പരസ്പരം നടത്തി വരുന്നത്.

സ്വപ്ന സുരേഷ് ജഡ്ജിക്ക് മുന്നില്‍ കൊടുക്കുന്ന രഹസ്യമൊഴിയിലെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാണ്. അത് ഏറ്റെടുക്കുന്നതാകട്ടെ പ്രതിപക്ഷ നേതാവുമാണ്. കേന്ദ്ര ഏജന്‍സികള്‍ നാളെ എന്ത് ചെയ്യുമെന്ന് സുരേന്ദ്രന്‍ മുന്‍കൂട്ടി പറഞ്ഞാല്‍ പിന്നിട് സംഭവിക്കുന്നതും അതു തന്നെയാണ്. എന്താണ് കേരളത്തില്‍ നടക്കുന്നതെന്ന് അമ്പരപ്പോടെ മാത്രമേ ഏതൊരാള്‍ക്കും കേട്ടിരിക്കാന്‍ കഴിയുകയൊള്ളൂ. രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് അണിയറയില്‍ നടക്കുന്നതെന്ന ആരോപണത്തിന് ബലമേകുന്നത് പ്രതിപക്ഷത്തിന്റെ ഈ വെളിപ്പെടുത്തലുകളും കേന്ദ്ര ഏജന്‍സിയുടെ നീക്കങ്ങളുമാണ്. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുന്‍ നിര്‍ത്തി വരിഞ്ഞ് കെട്ടാനാണ് പ്രതിപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ നീക്കത്തിനാണ് സുകുമാരന്‍ നായരെ പോലുള്ള സമുദായ നേതാക്കളും കുടപിടിക്കുന്നത്.

ഇത്തരക്കാര്‍ക്ക് ഓഖിയും, പ്രളയവും, നിപ്പയും, കോവിഡും ഒന്നും തന്നെ ഒരു പ്രശ്‌നവുമല്ല. ഇതിനെ സര്‍ക്കാര്‍ നേരിട്ട രീതി ജനം ചര്‍ച്ച ചെയ്യരുതെന്നാണ് ചുവപ്പിന്റെ ശത്രുക്കളെല്ലാം ആഗ്രഹിക്കുന്നത്. പ്രളയവും ചുഴലിക്കാറ്റുമെല്ലാം പല സംസ്ഥാനങ്ങളിലും മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ കേരളം അതിജീവിച്ചതു പോലെ മറ്റൊരിടത്തും സാധിച്ചിട്ടില്ല. കോവിഡാകട്ടെ ലോകമാകെ പടര്‍ന്ന മഹാമാരിയാണ്. പക്ഷേ സൗജന്യ കിറ്റ് നല്‍കിയത് കേരളത്തില്‍ മാത്രമാണ്. പ്രതിസന്ധികളെ പ്രതിരോധ കവചം തീര്‍ത്താണ് കേരളം നേരിട്ടിരിക്കുന്നത്. അത് ലോക മാതൃക തന്നെയാണ്. ഇതൊന്നും തന്നെ കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ചവര്‍ക്ക് മനസ്സിലാകില്ല. അവര്‍ക്ക് വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനാണ് താല്‍പ്പര്യം.

സുകുമാരന്‍ നായര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത് ‘ജനാധിപത്യം പുനസ്ഥാപിക്കേണ്ട ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്നാണ്’. ഈ ആഹ്വാനം എന്‍.എസ്.എസ് നേതാവ് യഥാര്‍ത്ഥത്തില്‍ നടത്തേണ്ടിയിരുന്നത് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് കൊണ്ട് മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നത്. കൊടും തണുപ്പില്‍ പ്രായം വകവയ്ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരം ജനാധിപത്യവും നീതിയും പുനസ്ഥാപിക്കുന്നതിന് വേണ്ടി കൂടിയാണെന്ന് സുകുമാരന്‍ നായരും തിരിച്ചറിയുന്നത് നല്ലതാണ്.

സമുദായ നേതൃത്വത്തിലുള്ള വ്യക്തികളുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ ഒരു സമുദായത്തിന്റെയും മേല്‍ കെട്ടിവെയ്ക്കാന്‍ ആരും തന്നെ ശ്രമിക്കരുത്. അതൊന്നും പുതിയ കാലത്ത് വിലപ്പോവുകയില്ല. തെറ്റായ നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യനിരയാണ് ഇനി രൂപപ്പെടേണ്ടത്. കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെയാണ്

Top